തന്നേക്കാൾ സുന്ദരിയായതിൽ അസൂയ; 6 വയസുകാരിയെ കൊന്ന യുവതി അറസ്റ്റിൽ, ചുരുളഴിഞ്ഞത് 4 കൊലപാതകങ്ങൾ
പാനിപ്പത്ത്: കാണാൻ തന്നേക്കാൾ സുന്ദരിയായതിന്‍റെ പേരിൽ ആറു വയസുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന യുവതി അറസ്റ്റിൽ. ഇതേ കാരണത്താൽ സ്വന്തം മകൻ ഉൾപ്പടെ 4 കുട്ടികളെ ഇവർ കൊന്നതായും പൊലീസ് കണ്ടെത്തി. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. പൂനം എന്ന സ്ത്രീയാണ് അറസ്റ്റിലായത്. വിധി എന്ന ആറു വയസുകാരി കൊല്ലപ്പെട്ടതിനു പിന്നാലെ നടത്തിയ അന്വേഷണമാണ് പൂനത്തെ കുടുക്കിയത്.
സോനിപ്പത്ത് സ്വദേശിയായ വിധി മുത്തച്ഛനൊപ്പം ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് നോൽത്ത ഗ്രാമത്തിലെത്തിയത്. ഉച്ചയ്ക്ക് ഒന്നരയ്ക്കു ശേഷമാണ് കുട്ടിയെ കാണാതായത്. ഒരു മണിക്കൂറോളം നീണ്ട അന്വേഷണത്തിനൊടുവിൽ സ്റ്റോർറൂമിലെ വാട്ടർ ടബിൽ വെള്ളത്തിൽ മുങ്ങി അവശയായ നിലയിൽ വിധിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കൊല്ലപ്പെട്ടതാണെന്ന പിതാവിന്‍റെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. വിധിയുടെ പിതാവിന്‍റെ ബന്ധുവായ പൂനമാണ് കൊലപാതകിയെന്ന് പൊലീസ് കണ്ടെത്തി.
ആരും തന്നേക്കാൾ സുന്ദരിയായിരിക്കുന്നത് പൂനത്തിന് സഹിക്കാനാകുമായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. വിധി അടക്കം നാലു കുഞ്ഞുങ്ങളെയാണ് ഇക്കാരണത്താൽ പൂനം മുക്കിക്കൊന്നത്. 2023ൽ സ്വന്തം സഹോദരിയുടെ മകളെയാണ് പൂനം ആദ്യം കൊന്നത്. അതേ വർഷം തന്നെ സ്വന്തം മകനെയും കൊന്നു. സംശയം തോന്നാതിരിക്കാനായിരുന്നു മകനെയും കൊന്നതെന്ന് പൊലീസിന് പൂനം മൊഴി നൽകിയിട്ടുണ്ട്. അതേ വർഷം ഓഗസ്റ്റിൽ സിവാ ഗ്രാമത്തിലെ ഒരു കുട്ടിയും പൂനത്തിന്‍റെ ഇരയായി. ഈ മൂന്നു കുട്ടികളുടെ മരണവും അപകടമാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. വിധി കൊലക്കേസിൽ പൊലീസ് ചോദ്യം ചെയ്തതോടെയാണ് പൂനം മൂന്നു കൊലപാതകങ്ങളും തുറന്നു പറഞ്ഞത്.