"സ്ത്രീധനം ഇല്ലെങ്കിൽ വിവാഹമോചനം";ടെക്കി യുവതിയുടെ ആത്മഹത്യയിൽ പാനിപൂരി വിൽപ്പനക്കാരനായ ഭർത്താവ് അറസ്റ്റിൽ
file
ബംഗളൂരു: കർണാടകയിൽ 27 വയസുള്ള ഗർഭിണി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെയും ഭർത്താവിന്‍റെയും അമ്മയെയും അറസ്റ്റ് ചെയ്ത് പൊലീസ്. ബംഗളൂരു ബിടിഎം ലേഔട്ട് 1 സ്റ്റേജിലെ താമസക്കാരിയായ ശിൽപ്പയെയാണ് ചൊവ്വാഴ‍്ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരിൽ പെൺകുട്ടിയെ നിരന്തരമായി ഭർത്താവ് പീഡിപ്പിച്ചിരുന്നതായി ആരോപിച്ച് യുവതിയുടെ വീട്ടുകാരാണ് പരാതി നൽകിയിരിക്കുന്നത്. ശിൽപ്പയുടെ ഭർത്താവ് പ്രവീൺ, പ്രവീണിന്‍റെ അമ്മ ശാന്തവ്വ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടു വയസുള്ള മകനുള്ള ശിൽപ്പ രണ്ടാമതും ഗർഭിണിയായിരിക്കുന്ന സമയത്താണ് ജീവനൊടുക്കിയത്. സോഫ്റ്റ്‌വെയർ മേഖലയിൽ ജോലി ചെയ്തിരുന്ന പ്രവീണിന് കഴിഞ്ഞ വർഷം ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ബിടിഎം ലേ ഔട്ടിൽ പാനിപുരി വിറ്റാണ് വരുമാനം കണ്ടെത്തിയിരുന്നത്.
ഒന്നുകിൽ സ്ത്രീധനം നൽകണം അല്ലെങ്കിൽ വിവാഹമോചനത്തിന് തയാറാകണമെന്ന് പ്രവീൺ ശിൽപ്പയോട് പറഞ്ഞിരുന്നു. ശിൽപ്പയിൽ നിന്ന് സ്ത്രീധനം ലഭിച്ചില്ലെങ്കിൽ വലിയ സ്ത്രീധനം ലഭിക്കുന്ന മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാനായിരുന്നു പ്രവീണിന്‍റെ ശ്രമം. പ്രവീണും അമ്മയും ചേർന്ന് സമ്മർദം ചെലുത്തിയതാണ് ശിൽപ്പയുടെ മരണത്തിന് കാരണമെന്നാണ് ശിൽപ്പയുടെ അമ്മ ശാർദ ആരോപിക്കുന്നത്.