Crime

നിരവധി കവർച്ച കേസുകളിൽ പ്രതി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

വിയ്യൂർ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരവധി കവർച്ച കേസുകളിൽ പ്രതിയായ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. പാലക്കാട് കഞ്ചിക്കോട് ചെമ്മണംക്കാട് ഈട്ടുങ്കൽപ്പടി വീട്ടിൽ ബിനീഷ് കുമാർ (കുട്ടാപ്പി) എന്നയാളെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. റൂറൽ ജില്ലയിൽ കുന്നത്തുനാട്, തൃശൂർ വെസ്റ്റ്, കൊല്ലം ഈസ്റ്റ്, വാളയാർ, ആലത്തൂർ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ചെയ്ത് കവർച്ച നടത്തിയതിന് നിരവധി കേസുകളുണ്ട്.

പത്രങ്ങളിൽ വിവാഹ പരസ്യങ്ങൾ നൽകി ആളുകളെ പെണ്ണ് കാണൽ ചടങ്ങിനും മറ്റുമായി ഇയാള്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും. ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് അവരെ സംഘം ചേർന്ന് ദേഹോപദ്രവം ചെയ്ത് പണവും, ആഭരണങ്ങളും, മൊബൈൽഫോണും, എ ടി എം കാർഡും, പിൻ നമ്പറും കൈവശപ്പെടുത്തും. ഈ പിൻ നമ്പർ ഉപയോഗിച്ച് പണം പിൻവലിക്കുകയും ചെയ്യുകയുമാണ് ഇയാളുടെ രീതി. കഴിഞ്ഞ സെപ്റ്റംബറിൽ കുന്നത്തുനാട് പോലീസ് സ്റ്റേഷൻപരിധിയിലെ മഴുവന്നൂർ നെല്ലാടുള്ള ആയുർവേദ മരുന്ന് കമ്പനിയുടെ മാർക്കറ്റിങ്ങ് കാര്യങ്ങളേയും ബിസിനസ് സാധ്യതകളേയും പറ്റി സംസാരിക്കാനെന്ന വ്യാജേനെ കമ്പനിയുടെ ഉടമയെ ഈറോഡ് ജില്ലയിലെ ഗോപി ചെട്ടിപാളയത്തേക്ക് വിളിച്ചു വരുത്തി. തുടർന്ന് ഉടമയേയും ഡ്രൈവറേയും തട്ടികൊണ്ട് പോയി കെട്ടിയിട്ട് ദേഹോപദ്രവം ഏൽപ്പിച്ച് 42 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. ഉടമയുടേയും, ഡ്രൈവറുടേയും പേഴ്സും, എ.ടി.എം കാർഡും കൈവശപ്പെടുത്തി ഒരു ലക്ഷം രൂപയോളം കവർച്ച ചെയ്തു. ഇതിൽ ഇയാളെ സെപ്റ്റംബർ നാലിന് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു.

ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിനീഷ് കുമാർ, ഡിസംബറിൽ കഞ്ചിക്കോട്ട് ഭാഗത്ത് വച്ച് രണ്ട് കാറുകൾ അപകടത്തിൽപ്പെട്ട് വാഹനത്തിലുണ്ടായിരുന്നവർ തമ്മിൽ വാക്ക് തർക്കം നടക്കുന്ന സമയം മധ്യസ്ഥനെന്ന വ്യാജേന ഇടപെടുകയും, അപകടത്തിൽപ്പെട്ട ഒരു സിഫ്റ്റ് കാർ കൂട്ടാളികളുമായി ചേർന്ന് തട്ടിക്കൊണ്ടുപോവുകയും ചെയ്തു. കുന്നത്തുനാട് പോലീസ് രജിസ്റ്റർ ചെയ്ത കവർച്ച കേസിൽ കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാൾ വാളയാർ കവർച്ച കേസിൽ പ്രതിയായതിനെ തുടർന്ന് കുന്നത്തുനാട് പോലീസിന്‍റെ അപേക്ഷയില്‍ കോടതി ജാമ്യം റദ്ദാക്കിയിരുന്നു. തുടർന്ന് ജില്ല പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശാനുസരണം കുന്നത്തുനാട് ഇൻസ്പെക്ടർ സുധീഷിന്‍റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ വി.പി.സുധീഷ് , എസ്.ഐ എ.എൽ.അഭിലാഷ് സി.പി.ഒ മാരായ ടി.എ.അഫ്സൽ, വർഗീസ് ടി.വേണാട്ട് പി.ആർ.ശ്രീജിത്ത് എന്നിവരടങ്ങുന്ന പ്രത്യേക ടീം പാലക്കാടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഉള്ളി വിറ്റും വോട്ട് വാങ്ങാം: കയറ്റുമതി നിരോധനം പിൻവലിച്ചു, ലക്ഷ്യം മഹാരാഷ്ട്രയിലെ പോളിങ്

കീടനാശിനി ആരോപണം: ആശങ്കയിൽ കറി പൗഡർ മേഖല

ചീട്ടുകളിക്കിടയിൽ വാക്കുതർക്കം: യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി- ധനുഷ് കോടി ദേശീയ പാതയിൽ കാട്ടാനയുടെ വിളയാട്ടം

നിയന്ത്രണം വിട്ട കാർ ഓടയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം