പിഎൻബി ബാങ്ക് ചെസ്റ്റിൽ നിന്ന് പിടിച്ചെടുത്ത കള്ള നോട്ട്.
ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് (PNB) ശാഖയിൽ നടത്തിയ പതിവ് പരിശോധനയിൽ ആരെയും ഞെട്ടിക്കുന്ന കോടികളുടെ കള്ളനോട്ട് വേട്ട പുറത്തുവന്നു. നെറ്റ്ഫ്ളിക്സിലെ പ്രശസ്തമായ 'മണി ഹെയ്സ്റ്റ്' വെബ് സീരീസിനെ ഓർമിപ്പിക്കുന്ന മാസ്റ്റർ പ്ലാൻ ഉപയോഗിച്ചാണ് ബാങ്കിന്‍റെ സുരക്ഷിതമായ കറൻസി ചെസ്റ്റിനുള്ളിൽ നിന്ന് കോടികളുടെ യഥാർഥ നോട്ടുകൾ മാറ്റി വ്യാജ നോട്ടുകൾ വച്ചിരിക്കുന്നത്.
ബാങ്കിന്‍റെ കറൻസി ചെസ്റ്റിൽ നിന്ന് റിസർവ് ബാങ്കിലേക്ക് (RBI) അയച്ച പണം ഒത്തുനോക്കിയപ്പോഴാണ് തട്ടിപ്പിന്‍റെ ചുരുളഴിയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 10-11 തീയതികളിൽ അയച്ച പണത്തിൽ 4.36 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് സർക്കിൾ ഓഫിസിൽ ഇന്‍റേണൽ എൻക്വയറി ആരംഭിച്ചു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കറൻസി ചെസ്റ്റിൽ സൂക്ഷിച്ചിരുന്ന 7.40 കോടി രൂപയുടെ നോട്ടുകൾ മാറ്റി വ്യാജ നോട്ടുകൾ വച്ചിരിക്കുന്നതായി കണ്ടെത്തിയത്.
ബാങ്ക് ചീഫ് മാനേജർ നിഷ സിങ്ങിന്‍റെ പരാതിയെ തുടർന്ന് സഹാറൻപൂർ എസ്‌എസ്‌പി. അഭിനന്ദന്‍റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറിയ വഴികൾ, ബാങ്ക് രേഖകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
നോട്ടുകൾ എണ്ണുന്നതിലും പാക്ക് ചെയ്യുന്നതിലും ചുമതലയുണ്ടായിരുന്ന നോഡൽ ഓഫിസർ രവി കുമാർ, കറൻസി ചെസ്റ്റ് മാനെജർമാരായ സുശീൽ ശർമ, അമിത് കുമാർ എന്നിവരടക്കം നാല് ജീവനക്കാരെ ബാങ്ക് മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. പണക്കുറവുമായി ബന്ധപ്പെട്ട് വിശാൽ കുമാർ എന്ന ജീവനക്കാരനെതിരേ പ്രത്യേകമായി കേസെടുക്കുകയും ചെയ്തു.
പിടിച്ചെടുത്ത വ്യാജ നോട്ടുകൾ ഇടപാടുകാർക്കോ മറ്റ് ശാഖകളിലേക്കോ വിതരണം ചെയ്തിട്ടില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സുരക്ഷിതമായ ഒരു ബാങ്ക് ചെസ്റ്റിൽ ഇത്രയധികം വ്യാജ നോട്ടുകൾ എങ്ങനെ എത്തി എന്നത് അന്വേഷണ ഉദ്യോഗസ്ഥരെയും രാജ്യത്തെയും ഒരുപോലെ വിസ്മയത്തിലാഴ്ത്തിയിരിക്കുകയാണ്.