പി.ടി. കുഞ്ഞിമുഹമ്മദ്.

 
Crime

പരാതിക്കു പിന്നിൽ ഗൂഢാലോചന: കുഞ്ഞുമുഹമ്മദ്

IFFK സ്‌ക്രീനിങ്ങിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്

Thiruvananthapuram Bureau

തിരുവനന്തപുരം: ഹോട്ടൽമുറിയിൽ വച്ച് മുൻ എംഎൽഎയും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദ് അപമര്യാദയോടെ പെരുമാറിയെന്ന കേസിലുള്ള മുൻകൂർ ജാമ്യാപേക്ഷയിൽ ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. രാജ്യാന്തര ചലച്ചിത്രമേളയുടെ സ്‌ക്രീനിങ്ങിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ വെച്ച് ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഉത്തരവ് വരുന്നത്.അതേസമയം, തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പി.ടി. കുഞ്ഞുമുഹമ്മദിന്‍റെ വാദം.

മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദമാണു നടന്നത്. 20 ദിവസം വൈകിയാണ് പരാതി പൊലീസിനുമുന്നിലെത്തുന്നതെന്ന് പി.ടി. കുഞ്ഞുമുഹമ്മദിന്‍റെ അഭിഭാഷകൻ വാദിച്ചു. അതുകൊണ്ടുതന്നെ ഈ പരാതിയിൽ ഗൂഢാലോചനയുണ്ട്. തന്‍റെ കക്ഷിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം ഉണ്ടാക്കിയ കേസാണിത്. പി.ടി. കുഞ്ഞുമുഹമ്മദിന്‍റെ മുറിയിലേക്ക് പരാതിക്കാരിയെ മാത്രമല്ല വിളിച്ചിരുന്നത്. വിദ്യാസമ്പന്നയാണ് പരാതിക്കാരി. എന്തുകൊണ്ടാണ് പെട്ടന്നുതന്നെ പരാതി നൽകാനുള്ള വിവേകം അവർക്കില്ലാതിരുന്നതെന്നും സംവിധായകന്‍റെ അഭിഭാഷകൻ വാദിച്ചു.

അതേസമയം, പ്രോസിക്യൂഷൻ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പി.ടി. കു‍ഞ്ഞുമുഹമ്മദിനെപ്പോലെ ഒരാളിൽനിന്നുണ്ടായ മോശം പെരുമാറ്റത്തിലുണ്ടായ ഷോക്കാണ് പരാതി നൽകാൻ വൈകിയതിനുള്ള കാരണം. ആ ഞെട്ടൽ മാറാൻതന്നെ ദിവസങ്ങളെടുത്തു. പരാതി നൽകുന്നത് സംബന്ധിച്ച് കുടുംബവുമായി അവർക്ക് ആലോചിക്കണമായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. കുഞ്ഞുമുഹമ്മദിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസമാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ഐഎഫ്എഫ്കെയുടെ സെലക്ഷൻ സ്‌ക്രീനിങ്ങിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടൽമുറിയിൽ വെച്ച് പി.ടി. കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. വിരുന്ന് സത്കാരത്തിനായി പരാതിക്കാരിയെ ഹോട്ടൽമുറിയിലേക്ക് പി.ടി. കുഞ്ഞുമുഹമ്മദ് വിളിച്ചുവരുത്തുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.

തനിക്കുണ്ടായ ദുരനുഭവം ചലച്ചിത്ര അക്കാഡമി ഭാരവാഹികളെ അറിയിച്ചിരുന്നതായി പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്. ഇത് അക്കാഡമി ഉപാധ്യക്ഷ കുക്കു പരമേശ്വരനും നേരത്തെ സ്ഥിരീകരിച്ചിരുന്നു.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി