പിതാവിനെ വെടിവച്ച് കൊന്ന് ഒരുമാസം വനത്തിൽ ഒളിച്ചിരുന്ന മകൻ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം- എഐ
ബർവാനി: പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഒരു മാസത്തോളം കൊടും വനത്തിൽ ഒളിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ‍്യപ്രദേശിലെ ബർവാനി ജില്ലയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടക്കുന്നത്.
സ്വത്തു തർക്കത്തെത്തുടർന്നാണ് ചന്ദൻ ബരോൾ എന്നയാൾ പിതാവായ ജഗൻ ബരോളിനെ വെടിവച്ചു കൊന്നത്. തന്‍റെ സഹോദരിയുടെ രണ്ടാം വിവാഹത്തിൽ പങ്കെടുക്കുന്നവരെ കൊല്ലുമെന്ന തരത്തിൽ ചന്ദൻ സമൂഹമാധ‍്യമത്തിൽ ഒരു പോസ്റ്റിട്ടിരുന്നു.
തിങ്കളാഴ്ച അംലാലി ഗ്രാമത്തിലെ ഒരു വനത്തിനുള്ളിലെ ക്ഷേത്രത്തിൽ ഇയാൾ ഒളിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ക്ഷേത്രത്തിന്‍റെ മേൽക്കൂരയിൽ നിന്നും ചന്ദൻ ചാടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. അറസ്റ്റിലായ പ്രതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിന് പൊലീസ് സുപ്രണ്ട് പത്മവിലോചൻ ശുക്ല 10,000 രൂപ പാരിതോഷികം പ്രഖ‍്യാപിച്ചു.