അധ്യാപികയുടെ കാൽ തൊട്ട് വന്ദിച്ചില്ല; വിദ്യാർഥികൾക്ക് ക്രൂര മർദനം
മയൂർഭഞ്ച്: അധ്യാപികയുടെ കാൽ തൊട്ട് വന്ദിക്കാതിരുന്ന വിദ്യാർഥികളെ അധ്യാപിക ക്രൂരമായി മർദിച്ചെന്നു പരാതി. ഒഡീഷയിലെ മയൂർഭഞ്ചിലാണ് സംഭവം. 31 ഓളം കുട്ടികൾക്കാണ് അധ്യാപികയുടെ മർദനമേറ്റത്.
സ്കൂളിലെ പ്രാർഥന കഴിഞ്ഞ് വിദ്യാർഥികൾ അധ്യാപികയുടെ കാൽ തൊട്ട് വന്ദിക്കാതെ ക്ലാസ് മുറിയിലേക്ക് പോവുകയായിരുന്നു. ഇതിൽ പ്രകോപിതയായ അധ്യാപിക വിദ്യാർഥികളുടെ പുറകേ എത്തി മുള വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ മാനേജ്മെന്‍റിന് അധ്യാപികയ്ക്കെതിരേ പരാതി നൽകിയിരുന്നു. തുടർന്ന് മാനേജ്മെന്‍റ് നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് അധ്യാപികയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തത്.