ക്ഷേത്രകൊള്ളയിൽ നാല് ജീവനക്കാർ അറസ്റ്റിൽ
കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ അരുൾമിഗു കോന്നിഅമ്മൻ ക്ഷേത്രത്തിൽ സംഭാവനകൊള്ളയുമായി ബന്ധപ്പെട്ട് പൂജാരി അടക്കം നാല് ജീവനക്കാരെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിനു പിന്നാലെ ജീവനക്കാരെയും മേൽനോട്ടം വഹിച്ചിരുന്ന നാല് ഉദ്യോഗസ്ഥരെയും ദേവസ്വം വകുപ്പ് മന്ത്രി എസ്. രമേഷ് സസ്പെൻഡ് ചെയ്തു.
ക്ഷേത്രത്തിലെ പൂജാരി എസ്. കൃഷ്ണരാജ് (56), ടിക്കറ്റ് കളക്റ്റർ എ. ബാലസുബ്രമണ്യൻ (52), ഓഫീസ് അസിസ്റ്റന്‍റ് വി. ശരവണൻ (34), ശുചീകരണ ജീവനക്കാരൻ പി. പ്രദീപ് കുമാർ (31) എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ കാണിക്കയായി എത്തുന്ന പണമാണ് പ്രതികൾ തട്ടിയെടുത്തത്. ഇത്തരത്തിൽ 31,000 രൂപ തട്ടിയെടുത്ത പ്രതികൾ അത് വീതിച്ചെടുക്കുകയായിരുന്നെന്നാണ് കണ്ടെത്തൽ.
ക്രമക്കേട് പുറത്തുവന്നതിനെ തുടർന്ന് തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്‍റ് (ദേവസ്വം വകുപ്പ്) റീജ്യണൽ ജോയിന്‍റ് കമ്മിഷണർ രമേഷ് കുമാർ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ പ്രതികൾ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ഉക്കഡം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.