പ്രതി മയക്കുമരുന്ന് കടത്താൻ മകനെ ഉപയോഗിച്ചിട്ടില്ല, പൊലീസ് ഉണ്ടാക്കിയെടുത്ത കെട്ടുകഥ; പ്രതിയുടെ ഭാര്യ
പത്തനംതിട്ട: തിരുവല്ലയിൽ മകന്‍റെ ശരീരത്തിൽ എംഡിഎംഎ പൊതികൾ ഒട്ടിച്ച് വിൽപ്പന നടത്തിയെന്ന കേസിൽ വെളിപ്പെടുത്തലുമായി പ്രതിയുടെ ഭാര്യ. ഭർത്താവ് ലഹരി കടത്താൻ മകനെ ഉപയോഗിച്ചിട്ടില്ലെന്നും ഇത് പൊലീസ് ഉണ്ടാക്കിയ കെട്ടുകഥയാണെന്നുമാണ് യുവതി വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് യുവാവിനെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്. മകനെ ഉപയോഗിച്ചാണ് ലഹരി കടത്ത് നടത്തിയതെന്ന് വ്യക്തമായിരുന്നു. എംഡിഎംഎ അടക്കമുള്ളവ വിദ്യാർഥികൾക്ക് നൽകുവാനാണ് പത്ത് വയസുകാരനായ മകനെ ഉപയോഗിച്ചതെന്നാണ് പ്രതിയുടെ മൊഴി.
പത്തു വയസുകാരനായ മകന്‍റെ ശരീരത്തിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എംഡിഎംഎ ഒട്ടിച്ചുവെക്കും. ഇതിനുശേഷം ഇരുചക്ര വാഹനത്തിലോ കാറിലോ കുഞ്ഞിനെ ഒപ്പം കൊണ്ടുപോകും. തുടര്‍ന്ന് സാധാരണ നിലയില്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയിൽ ആവശ്യക്കാർക്ക് രാസലഹരി നൽകാറുണ്ടെന്നായിരുന്നു മൊഴി.
ഒരു വർഷമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണെന്ന് യുവതി പറഞ്ഞു. ഡിവൈഎസ്പിക്ക് അബദ്ധം പറ്റിയതാണെന്ന് പൊലീസുകാർ പിന്നീട് വിശദീകരിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിഡബ്ല്യുസിക്ക് പരാതി നൽകിയെന്നും യുവതി പറഞ്ഞു. എന്നാൽ ആരോപണം തള്ളിയ പൊലീസ് കുട്ടിയെ ലഹരി വിൽപനയ്ക്ക് ഉപയോഗിച്ചെന്ന കേസ്, അമ്മയുടെ മൊഴിപ്രകാരം രജിസ്റ്റർ ചെയ്തതാണെന്ന് തിരുവല്ല ഡിവൈഎസ്പിയും വ്യക്തമാക്കിയിരുന്നു.