ഫയൽ ചിത്രം

 
Crime

ഖനനത്തെച്ചൊല്ലി തർക്കം: ഛത്തിസ്ഗഢിൽ ബിജെപി നേതാവടക്കം മൂന്നു പേരെ കാറിനകത്ത് തീയിട്ടു കൊന്നു

മണല്‍ ഖനനം നടത്തുന്നതിനെച്ചൊല്ലി രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ മൂന്നു പേരെ കാറിനകത്ത് തീയിട്ടു കൊലപ്പെടുത്തി

Sarath Nath MS

റായ്‌പൂർ: മണല്‍ ഖനനം നടത്തുന്നതിനെച്ചൊല്ലി രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ മൂന്നു പേരെ കാറിനകത്ത് തീയിട്ടു കൊലപ്പെടുത്തി. ഛത്തിസ്ഗഢിലെ കൊറിയ ജില്ലയിലെ നൗഗെയിന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് ദാരുണസംഭവം. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റുചെയ്തു.

ബിജെപി നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ ഭരത് സിങ്, ബന്ധുവായ നാഗേന്ദ്ര സിങ്, വീരേന്ദ്ര സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന മായങ്ക് സിങ് എന്നയാള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. തലയ്ക്കും മുഖത്തും ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ ബിലാസ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മണല്‍ ഖനനം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു ഭരത് സിങ്. എന്നാല്‍ ഭരത് സിങ്ങിനെ കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം ഭരത് സിങ് എത്തിയ കാര്‍ രണ്ടു ട്രക്കുകള്‍ക്ക് ഇടയില്‍ അകപ്പെടുത്തിയശേഷം പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നതോടെ മൂവരും കാറിനകത്ത് വെന്തുമരിക്കുകയായിരുന്നു.

സംഭവത്തില്‍ ഒമ്പതു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അക്ഷത് ത്രിപാഠി, വിശാല്‍ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിവരാണ് അറസ്റ്റിലായത്. ഒളിവില്‍പ്പോയ മറ്റു പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

മുമ്പ് കോണ്‍ഗ്രസിലായിരുന്ന ഭരത് സിങ് അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്തെത്തി. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പറഞ്ഞു.

ആരോഗ്യ വകുപ്പിന് തിരിച്ചടി; ഡയറക്റ്റർ സ്ഥാനത്തു നിന്ന് റീനയെ മാറ്റിയ ഉത്തരവിന് ട്രൈബ്യൂണലിന്‍റെ സ്റ്റേ

ആകാശ് തില്ലങ്കേരിയെ പിഎസ്‌സി മികച്ച തിരക്കഥാകൃത്താക്കി മാറ്റിയ സംഭവം; മുഖ‍്യമന്ത്രിക്ക് പരാതി നൽകി

മുൻ സർക്കാരിനെ ചോദ്യം ചെയ്തവരാണ്, അതിൽ നിന്ന് ഒരടി പിന്നോട്ടില്ല; പിഎം ശ്രീയിൽ യുഡിഎഫ് സർക്കാരിനെതിരേ കെഎസ്‌യു

മൊഴിയില്‍ പൊരുത്തക്കേട്; വീണയെ ഇഡി വീണ്ടും ചോദ്യംചെയ്യും

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ്; എഡിജിപി ഓഫിസിൽ പരിശോധന നടത്തി എസ്ഐടി