പാർവതി മായ ഷാജി

 
Crime

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കവർന്ന കേസിൽ യുവതി അറസ്റ്റിൽ

ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവർത്തിക്കുന്ന 'ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്', 'ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ്' എന്നീ സ്ഥാപനങ്ങളുടെ സിഇഒയും എംഡിയുമായ പാർവതി മായ ഷാജിയാണ് അറസ്റ്റിലായത്

Kochi Bureau

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്, ഇരകളിൽനിന്ന് ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചെന്ന കേസിൽ വനിതാ സിഇഒ അറസ്റ്റിൽ. വിദേശത്തുനിന്ന് നാട്ടിലേക്കു മടങ്ങിയ വേളയിൽ, തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് പ്രതി പിടിയിലായത്.

ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവർത്തിക്കുന്ന 'ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്', 'ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ്' എന്നീ സ്ഥാപനങ്ങളുടെ സിഇഒയും എംഡിയുമായ പാർവതി മായ ഷാജിയാണ് അറസ്റ്റിലായത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു ഗുരുതര കേസുകളിലാണ് നടപടി. അർമീനിയ, പോളണ്ട് എന്നീ രാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്ത്, ഇരകളിൽനിന്ന് 10 ലക്ഷത്തോളം രൂപ കൊള്ളയടിച്ചു എന്നാണ് കേസ്.

തൃശൂർ എരുമപ്പെട്ടി സ്വദേശിയായ യുവാവിന്‍റെ ജീവിതം തന്നെ തകർത്ത തട്ടിപ്പാണ് ആദ്യ കേസ്. അർമേനിയയിൽ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത്, 4 ലക്ഷം രൂപ കൈക്കലാക്കി. 2023 ഡിസംബറിൽ തുക കൈപ്പറ്റിയ ശേഷം, ജോലിയോ പണമോ തിരികെ നൽകാതെ കബളിപ്പിച്ചു എന്നു മാത്രമല്ല, തുക തിരികെ ചോദിച്ച പരാതിക്കാരനെ സമൂഹമാധ്യമങ്ങൾ വഴി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. പണം നഷ്ടപ്പെട്ട യുവാവിന്‍റെ ഭാര്യ നൽകിയ ഹർജിയിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്.

ലൈസൻസ് പോലുമില്ലാതെ ലക്ഷങ്ങളുടെ കൊള്ള

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ലൈസൻസ് പോലുമില്ലായിരുന്നു. എന്നിട്ടും, നിരപരാധികളായ യുവാക്കളെ വലയിലാക്കി ലക്ഷങ്ങൾ കൊള്ളയടിക്കാൻ ഈ സ്ഥാപനത്തിനു സാധിച്ചു. പാർവതി മായ ഷാജി, ഭർത്താവ് അനീഷ് മേനോൻ, മാനേജർമാരായ അഭിജിത്ത്, അജു കെ. മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നീ ഏഴു പേർക്കെതിരേയാണ് ബിഎൻഎസ് വകുപ്പുകളും എമിഗ്രേഷൻ ആക്റ്റും പ്രകാരം കേസെടുത്തിട്ടുള്ളത്.

പോളണ്ടിലേക്കെന്നു കരുതി, സെർബിയയിൽ കുടുങ്ങി

രണ്ടാമത്തെ കേസ് അതിലും ഭീകരം. കുന്നത്തുനാട് തിരുവാണിയൂർ സ്വദേശിയായ യുവാവിനോട്, പോളണ്ടിലെ വെയർഹൗസിൽ ജോലി വാഗ്ദാനം ചെയ്ത് 6.06 ലക്ഷം രൂപ തട്ടിയെടുത്തു. 2023 ജൂലൈ മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ, വിവിധ ഘട്ടങ്ങളിലായി 4.96 ലക്ഷം രൂപയും വിമാന ടിക്കറ്റിനായി 1.10 ലക്ഷം രൂപയും കൈപ്പറ്റി. പക്ഷേ, പോളണ്ടിൽ ജോലി നൽകുന്നതിനു പകരം, യുവാവിനെ വഞ്ചിച്ച് സെർബിയയിലേക്ക് അയച്ച്, ഒറ്റപ്പെടുത്തി കൈയൊഴിഞ്ഞു എന്നാണ് എഫ്ഐആറിൽ പറയുന്നത്.

പ്രൊട്ടക്റ്റർ ഒഫ് എമിഗ്രന്‍റ്സ് ലൈസൻസ് പോലുമില്ലാതെ പ്രവർത്തിച്ച ഈ സ്ഥാപനത്തിന്‍റെ മാനെജിങ് ഡയറക്റ്റർ പാർവതി അനീഷ് (പാർവതി മായ ഷാജി), ജനറൽ മാനേജർ അജു കെ. മാത്യു, കോ-ഓർഡിനേറ്റർ അഭിജിത്ത് എസ്. നായർ, പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എന്ന സ്ഥാപനം എന്നിവർക്കെതിരെ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ഈ കേസ്.

വിവാദത്തിൽ കുടുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ, വട്ടമിട്ട് സിജെപി; കാരണങ്ങൾ അറിയാം

'ജ്ഞാനേഷ്, ഇത് കഴിഞ്ഞു ബ്രോ'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കണമെന്നാവശ്യപ്പെട്ട് ഹർജിയുമായി യൂത്ത് കോൺഗ്രസ്

"ഒരാളെ കൊല്ലാൻ അനുമതി കിട്ടിയാൽ ജ്ഞാനേഷ് കുമാറിനെ വെടിവച്ചു കൊല്ലും"; വിവാദ പ്രസ്താവനയുമായി മുകേഷ് സാഹ്നി

സ്കൂൾ ജീവനക്കാരൻ എച്ചിൽ കൈ കൊണ്ട് ഒൻപതാം ക്ലാസുകാരന്റെ കരണത്തടിച്ചു; പ്രതിഷേധിച്ച് വിദ്യാർഥികൾ

ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര; പൊലീസ് വലയത്തിൽ മുങ്ങാൻ മുംബൈ, വിന്യസിക്കുക 24,000 പൊലീസുകാരെ