കൽപ്പറ്റ: ഓട്ടോറിക്ഷയിൽ ഹാൻസ് കടത്തുന്നതിനിടെ യുവാവ് പിടിയിൽ. വയനാട് കുമ്പള സ്വദേശി അസ്ലം (36) ആണ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കമ്പളക്കാട് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചയോടെ കമ്പളക്കാട് ഭാഗത്ത് നിന്നും പറളിക്കുന്ന് ഭാഗത്തേക്ക് ഹാൻസ് നിറച്ച എട്ടു ചാക്കുകൾ കടത്താനായിരുന്നു ശ്രമം.
എട്ടു ചാക്കുകളിൽ ഉൾപ്പെടെ 1595 പാക്കറ്റ് ഹാൻസ് ഉണ്ടായിരുന്നു. കമ്പളക്കാട് എസ്ഐ എൻ.എ. രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടിയത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഹാൻസ് എത്തിക്കുന്നതിലെ പ്രധാന കണ്ണിയാണ് അസ്ലം. കൂടിയ തുകയ്ക്ക് ചില്ലറ വിൽപ്പന ലക്ഷ‍്യമിട്ടാണ് അസ്ലം ഹാൻസ് എത്തിച്ചത്.