വിഷം കലർന്ന മദ്യം കഴിച്ച് യുവാവ് മരിച്ചു; സുഹൃത്തിനെതിരേ മരണമൊഴി
കോതമംഗലം: കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ഉരുളൻതണ്ണി വെട്ടിക്കൽ പരേതരായ പൗലോസ്-അന്നമ്മ ദമ്പതി മാരുടെ മകൻ റോയി പൗലോസ് (50) ആണ് മരിച്ചത്. ഒപ്പം മദ്യപിച്ച സുഹൃത്ത് മദ്യത്തിൽ വിഷം കലർത്തി നൽകിയതായി സംശയിക്കുന്നുവെന്ന് റോയി, ചികിത്സിച്ച ഡോക്ടറോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് സുഹൃത്തിനെ കുട്ടമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത ശേഷം വിട്ടയച്ചു.
വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പോലീസ് പറഞ്ഞു. ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് കാക്കനാട് റീജണൽ ലാബിലേക്ക് അയച്ചു.
ഞായറാഴ്ചയാണ് സുഹൃത്തിനൊപ്പം റോയി മദ്യപിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് വീട്ടുകാർ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് മരിച്ചത്. സാഹചര്യ തെളിവുകളും മരണമൊഴിയും സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
ഇവർ മദ്യപിച്ചതായി പറയു ന്ന ബാറിൽനിന്നും മറ്റ് സ്ഥലങ്ങളിൽനിന്നും ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്. സംസ്കാരം നടത്തി.സഹോദരങ്ങൾ: ബേബി,ഷേർലി, ഷാജു(ബാംബൂ കോർപറേഷൻ ഉദ്യോഗസ്ഥൻ), ബെന്നി,സിന്ധു, ജോമി(കോതമംഗലം എം. എ. കോളേജ് ഉദ്യോഗസ്ഥൻ )