ഉത്തർ പ്രദേശിൽ കൊലപാതകം.
ലഖ്‌നൗ: ബുർഖയോ നിഖാബോ ധരിക്കാതെ പുറത്തിറങ്ങിയെന്ന് ആരോപിച്ച് ഭാര്യയെയും രണ്ടു പെൺമക്കളെയും യുവാവ് കൊലപ്പെടുത്തി. ഈ മാസം 9ന് ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ കാൻധല പൊലീസ് സ്റ്റേഷൻ പരിധിയിലെ ഘാരി ദൗലത്ത് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. എന്നാൽ, ഒരാഴ്ച കഴിഞ്ഞാണ് പൊലീസിന് ഇതു സംബന്ധിച്ച വിവരം ലഭിക്കുന്നത്. ഗ്രാമത്തലവനാണ് മൂവരെയും കാണാതായതായി ചൊവ്വാഴ്ച പൊലീസിൽ റിപ്പോർട്ട് ചെയ്തത്. പ്രതി ഫാറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യ താഹിറ (35) ഫാറൂഖിനോട് കുറച്ചു പണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. തുടർന്ന് ദേഷ്യത്തിൽ താഹിറ ബുർഖയോ നിഖാബോ ധരിക്കാതെ തന്‍റെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. ഇത് അയാളെ ചൊടിപ്പിച്ചു. ഒരു മാസത്തിനു ശേഷം താഹിറ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഫാറൂഖ് ഇതിനെച്ചൊല്ലി കലഹമുണ്ടാക്കിയതായി പൊലീസ് പറയുന്നു. തുടർന്നായിരുന്നു കൂട്ടക്കൊലപാതകം.
താഹിറയെയും മക്കളായ ആഫ്രീനെയും (14) സെഹ്‌റിനെയും (6) കുറെ ദിവസമായി കാണാനില്ലായിരുന്നു. ഫറൂഖിന്‍റെ പിതാവ് തന്നെ പൊലീസിനെ സമീപിച്ച് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പറയുകയും ചെയ്തു. പൊലീസ് ഫാറൂഖിനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ഇയാൾ എല്ലാ നിഷേധിച്ചു. ഭാര്യയും മക്കളും ഭാര്യയുടെ വീട്ടിലേക്കു പോയതാണെന്നു പറഞ്ഞ് പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചു.
നിരന്തരമായ ചോദ്യം ചെയ്യലിനൊടുവിൽ ഫാറൂഖ് തളർന്ന് കുറ്റസമ്മതം നടത്തിയതായി എസ്‌പി എൻ.പി. സിങ് പറഞ്ഞു. താഹിറയെയും ആഫ്രീനെയും (14) വെടിവെച്ച് കൊന്നതായും സെഹ്‌റിനെ കഴുത്ത് ഞെരിച്ച് കൊന്നതായും ഇയാൾ വെളിപ്പെടുത്തി. മൂന്ന് പേരുടെയും മൃതദേഹങ്ങൾ കുഴിച്ചിട്ടതായും ഇയാൾ പറഞ്ഞു.
കക്കൂസ് നിർമാണത്തിനായി നേരത്തേ കുഴിച്ച കുഴിയിലാണ് മൃതദേഹങ്ങൾ മറവു ചെയ്തത്. ഇതാണ് സംഭവം ദിവസങ്ങളോളം പുറത്തുവരാതിരുന്നതിനു കാരണം. കുറ്റസമ്മതത്തെ തുടർന്ന് ഫാറൂഖിനെ പൊലീസ് വീട്ടിലെത്തിക്കുകയും മുറ്റത്ത് കുഴിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. താഹിറയുടെയും മക്കളുടെയും മൃതദേഹങ്ങൾ കുഴിയിൽ നിന്ന് ലഭിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും വെടിയുണ്ടകളും കണ്ടെടുത്തു.