''കിഫ്ബി, പെൻഷൻ കമ്പനി, പൊതുമേഖലാ സ്ഥാപനങ്ങളുടെ കടബാധ്യത എന്നിവ മൂലമാണു കേരളത്തിന്‍റെ കടമെടുപ്പു പരിധി തീർന്നുപോകുന്നത്. അല്ലാതെ കേന്ദ്ര സർക്കാർ കടമെടുക്കൽ പരിധി വെട്ടിക്കുറയ്ക്കുന്നതല്ല''
തിരുവനന്തപുരം: കേരളത്തെ എങ്ങനെയൊക്കെ സാമ്പത്തികമായി ഞെരുക്കാം എന്നാണ് കേന്ദ്രസർക്കാർ നോക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരായ കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധത്തിനെതിരേ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ പേരിൽ ആഘോഷപൂർവം പ്രഖ്യാപിച്ച പദ്ധതികളുടെ ഫണ്ട് പോലും കേരളത്തിന് തടയപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സംസ്ഥാനം ഒരു പോരാട്ടത്തിലാണ്. ഈ നാടിന്‍റെയും ജനതയുടെയും അതിജീവനത്തിന്‍റെ പോരാട്ടമാണിത്. ഇന്ത്യാ രാജ്യത്തിലെ ഒരു സംസ്ഥാനമെന്ന നിലയിൽ നമുക്ക് ഭരണഘടനാ പരമായി അർഹതപ്പെട്ട പലതും നമ്മിൽ നിന്ന് തട്ടിപ്പറിക്കുന്നു.
2018 ലെ പ്രളയകാലത്ത് കേരളത്തിന് ലഭിക്കുമായിരുന്ന വിദേശ സഹായത്തിന് അനുമതി നിഷേധിച്ചതും വയനാട് പ്രകൃതി ദുരന്തത്തിന് അർഹമായ സഹായം നിഷേധിച്ചതും നമ്മുടെ മുന്നിലെ ഉദാഹരണങ്ങളാണ്. തീർത്തും സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി സംസ്ഥാന സർക്കാർ സാമ്പത്തികമായി ഞെരുങ്ങുന്നു എങ്കിൽ തങ്ങൾക്ക് അതിൽ നിന്ന് എന്ത് ലാഭം എന്ന കാഴ്ചപ്പാടാണ് ഇവിടത്തെ പ്രതിപക്ഷത്തിനുള്ളതെന്നും മുഖ്യമന്ത്രി.
അതേസമയം, കേരളത്തെ നശിപ്പിച്ച 10 വര്‍ഷങ്ങളാണ് പിണറായി വിജയന്‍റെ ഭരണത്തില്‍ കടന്നുപോയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ കേന്ദ്രം ഭരിച്ച 10 കൊല്ലം 72,000 കോടി രൂപ മാത്രം കേരളത്തിനു ലഭിച്ചപ്പോൾ 2014- 2024 കാലത്ത് 3.20 ലക്ഷം കോടി രൂപയാണ് നരേന്ദ്ര മോദി സർക്കാർ കേരളത്തിനു കൈമാറിയത്- രാജീവ് ചന്ദ്രശേഖർ കണക്കുകൾ നിരത്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
10 കൊല്ലം ഭരിച്ച പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തില്ല. ഇപ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണു നടത്തിക്കൊണ്ടിരിക്കുന്നത്. 10 വര്‍ഷം കൊണ്ട് എന്തുചെയ്തു എന്നു പറയേണ്ടതിനു പകരം കേന്ദ്ര സര്‍ക്കാര്‍ പണം തന്നില്ല, തരുന്നില്ല എന്ന നുണകൾ പ്രചരിപ്പിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വൻ പരാജയം നേരിട്ടപ്പോള്‍, നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് പുതിയ തട്ടിപ്പുമായി വന്നിരിക്കുകയാണ്. കിഫ്ബി, പെൻഷൻ കമ്പനി, പൊതുമേഖലാ സ്ഥാപനങ്ങളുടെ കടബാധ്യത എന്നിവ മൂലമാണു കേരളത്തിന്‍റെ കടമെടുപ്പു പരിധി തീർന്നുപോകുന്നത്. അല്ലാതെ കേന്ദ്ര സർക്കാർ കടമെടുക്കൽ പരിധി വെട്ടിക്കുറയ്ക്കുന്നതല്ല.
വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്ന വിഷയങ്ങള്‍ ചർച്ച ചെയ്യാന്‍ ബിജെപി പിണറായി വിജയനെ ക്ഷണിക്കുകയാണ്. ഇതേക്കുറിച്ച് ഒരു തുറന്ന സംവാദത്തിന് തങ്ങള്‍ തയാറാണെന്നു മുഖ്യമന്ത്രിയെ അറിയിക്കുകയാണെന്നും രാജീവ് പറഞ്ഞു.