വെടിക്കെട്ട് പ്രേമികളുടെ പ്രിയങ്കരനായ സതീശൻ
file photo
പ്രത്യേക ലേഖകൻ
തൃശൂര്‍ പൂരത്തിന് ആകാശത്ത് വർണവിസ്മയം തീര്‍ക്കുന്നവരിൽ പ്രധാനിയായിരുന്നു വെടിക്കെട്ടിന്‍റെ അണിയറയിലെ മുഖ്യ സംഘാടകനായ ഇന്നലെ മരണത്തിനു കീഴടങ്ങിയ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീശൻ.
തിരുവമ്പാടി ദേവസ്വത്തിന്‍റെ പൂരം വെടിക്കെട്ട് ലൈസൻസിയായിരുന്നു അദ്ദേഹം. മുണ്ടത്തിക്കോട്ടെ പാടത്തുണ്ടായിരുന്ന സതീശന്‍റെ വെടിക്കെട്ട് പുരകളാണ് 15 പേരുടെ മരണത്തിന് ഇടയാക്കി പൊട്ടിത്തെറിച്ചും കത്തിയമർന്നും വൻദുരന്തം വിതച്ചത്. അപകടത്തിൽ മരിച്ച 15ാമനായി 46കാരനായ അദ്ദേഹം മാറി. ഗുരുതരമായി പൊള്ളലേറ്റ് മൂന്നു നാൾ വെന്‍റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞശേഷമാണ് അന്ത്യയാത്രയായത്.
ഇരുവിഭാഗം പരസ്പരം മത്സരിക്കുന്ന പൂരത്തിന്‍റെ ചരിത്രത്തില്‍ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ വെടിക്കെട്ട് കരാര്‍ ഒരേസമയം ഏറ്റെടുത്ത ചരിത്രം സതീശനു മാത്രം സ്വന്തമാണ്. 2024ലായിരുന്നു ഇത്. ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം പാറമേക്കാവിന്‍റെ വെടിക്കെട്ട് കരാറുകാരന് ലൈസൻസ് നൽകാൻ പ്രയാസം വന്നതോടെ അന്നത്തെ ജില്ലാ കലക്റ്റർ വി.ആര്‍. കൃഷ്ണ തേജ ചർച്ച നടത്തുകയും ഇരു ദേവസ്വങ്ങളുടെയും സഹകരണം അഭ്യർഥിക്കുകയും ചെയ്തു. തുടര്‍ന്നാണ് രണ്ടിടത്തും ഒരേ കരാറുകാരന്‍ മതിയെന്നു തീരുമാനിച്ചത്. അങ്ങനെ ആദ്യമായി സൗഹൃദത്തിന്‍റെ പൂരം അരങ്ങേറി. 2011 മുതൽ തിരുവമ്പാടിയുടെ കരാറുകാരനായ സതീശനെ പാറമേക്കാവിന്‍റെ ദൗത്യം കൂടി ഏൽപ്പിച്ചു. അത് ഭംഗിയായി നിർവഹിച്ച് പുതിയ ചരിത്രം കുറിക്കുകയും ചെയ്തു. ഇക്കുറി തിരുവമ്പാടി ദേവസ്വത്തിനു വേണ്ടി മാത്രം വെടിക്കെട്ട് ഒരുക്കാനുള്ള നിയോഗമാണ് സതീഷിനുണ്ടായിരുന്നത്.
പൂരത്തിനു ശക്തമായ മത്സരം നടക്കുന്നത് കുടമാറ്റത്തിനും വെടിക്കെട്ടിനുമാണ്. അതീവ രഹസ്യമായാണ് ഇരുപക്ഷവും വെടിമരുന്നു തയാറാക്കുന്നതും പൊട്ടിക്കുന്നതും. കുടകളുടെ നിർമാണവും രഹസ്യമായിത്തന്നെ. പരിചയമില്ലാത്തവരെയോ മറുപക്ഷക്കാരെന്നു കരുതുന്നവരെയോ മുൻവർഷങ്ങളിൽ വെടിക്കെട്ടു പുരയിലേക്കും കുടനിർമാണ ഷെഡ്ഡുകളിലേക്കുമൊന്നും കടത്താറില്ലായിരുന്നു. എന്നാൽ ഇത്തവണ സ്ഥിതി മാറി. ദുരന്തമുണ്ടായ ദിവസം രാവിലെ മുതൽ ഉച്ച വരെ ഒട്ടേറെ ചാനലുകൾ ആ വെടിക്കെട്ട് പുരയിലെത്തി. എല്ലാ ദൃശ്യങ്ങളും പകർത്തി. ജോലിക്കാരുമായി സംസാരിച്ചു, പാട്ടുകൾ പാടി. ഇതൊക്കെ ഇപ്പോൾ വിമർശന വിധേയമായിട്ടുമുണ്ട്.
സതീശന്‍റെ പിതാവ് മണി പാപ്പനും തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരനായിരുന്നു. അച്ഛന്‍റെ മരണത്തെ തുടര്‍ന്നാണ് സതീശൻ വെടിക്കെട്ട് ചുമതല ഏറ്റെടുക്കുന്നത്. ഉത്രാളിക്കാവ്, കുറ്റിയങ്കാവ്, നെന്മാറ- വല്ലങ്ങി വേലപൂരങ്ങളിലെ വെടിക്കെട്ടുകള്‍ ചെയ്ത് പരിചയ സമ്പന്നനായ ഇദ്ദേഹം തൃശൂരിലും മറ്റു പ്രദേശങ്ങളിലും പ്രധാന ഉത്സവ വെടിക്കെട്ടുകള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്നു. സതീശന്‍റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി ഇത് എട്ടാമത്തെ വര്‍ഷമാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് ചുമതല ഏറ്റെടുത്തത്. പിതാവ് മണി പാപ്പന്‍ അഞ്ചു വര്‍ഷമാണ് വെടിക്കെട്ട് നടത്തിയത്.
വര്‍ണത്തിനും ശബ്‌ദത്തിനും ഒരേപോലെ പ്രാധാന്യം നല്‍കുന്നതായിരുന്നു സതീശന്‍റെ ശൈലി എന്ന് വെടിക്കെട്ടു പ്രേമികൾ പറയുന്നു. അവരുടെ പ്രിയങ്കരനായി ഇദ്ദേഹത്തെ മാറ്റിയതും ഈ ശൈലിയാണ്. ഓരോ വര്‍ഷവും പുതുമകള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. ഈ വര്‍ഷം ആഗോള യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാന സന്ദേശം നല്‍കുന്ന വര്‍ണക്കാഴ്ചകള്‍ പൂരം വെടിക്കെട്ടില്‍ ഉണ്ടാകുമെന്ന് ദുരന്തത്തിന് തൊട്ടുമുമ്പ് വെടിക്കെട്ട് പുരയിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞിരുന്നു. എന്തായാലും തന്‍റെ വിശ്വസ്തരും വിദഗ്ധരുമായ കുറെ ജീവനക്കാർക്കൊപ്പം സതീശനും ശബ്ദഘോഷങ്ങളും വർണ വിസ്മയങ്ങളുമില്ലാത്ത ലോകത്തേക്ക് യാത്രയായി.
മണി ഫയർവർക്സ് എന്ന പേരിലാണ് വെടിക്കെട്ട് നിർമാണശാലയുടെ ലൈസൻസ്. ഇത്രയൊക്കെ വലിയ കരാറുകൾ ഏറ്റെടുത്തിട്ടും സാമ്പത്തികമായി വലിയ നിലയിലൊന്നുമായിരുന്നില്ല സതീശൻ എന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ പറയുന്നു.
6,000 കിലോയോളം കരിമരുന്നുകളാണ് പൂരത്തിലെ ഒരു വിഭാഗം പൊട്ടിച്ചുതീർക്കുന്നത്. സ്ഫോടനസ്ഥലത്തു നിന്ന് കണ്ടെത്തിയത് 500 കിലോഗ്രാമിലേറെ പൊട്ടാത്ത വെടിക്കോപ്പുകളാണ്. അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന മുറിയിൽ 15 ചാക്കുകളിലായി വച്ചിരുന്ന 362 കിലോ കരിമരുന്നും 50.9 കിലോ അലുമിനിയം പൗഡറും ഒരു കിലോ കരിമരുന്ന് ഗുളികയും ഇതിൽ ഉൾപ്പെടുന്നു. ഇതിനു പുറമേ മറ്റൊരു ഷെഡ്ഡിൽ നിന്ന് 100 കിലോ വരുന്ന 96 ചെറിയ അമിട്ടും അഞ്ച് ഇടത്തരം ഗുണ്ടും ആറ് കളർ അമിട്ടും മൂന്ന് എൽഇഡിയും പൊട്ടാത്ത നിലയിൽ കണ്ടെത്തി.