പോത്തൻകോട് സുധീഷ് കൊലക്കേസ്; 11 പ്രതികൾക്കും ജീവപര്യന്തം
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ പ്രതികളായ 11 പേർക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട് പട്ടികജാതി-പട്ടിക വർഗ പ്രത്യേക കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ചൊവ്വാഴ്ച 11 പേരും പ്രതികളാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധി പറയാനായി ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് ഉൾപ്പെടെ 11 പേരാണ് കേസിലെ പ്രതികൾ. പ്രതികൾ ഗുണ്ടകളായതിനാൽ ഭയന്ന് ദൃക്സാക്ഷികടക്കം കൂട്ടത്തോടെ കൂറുമാറിയിരുന്നു. എന്നാൽ, പ്രതികൾ സുധീഷിന്‍റെ വെട്ടിയ കാൽപ്പത്തിയുമായി പോവുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായകമായി.
2021 ഡിസംബർ 11 നാണ് മംഗലത്ത് സ്വദേശി സുധീഷിനെ പ്രതികൾ ക്രൂരമായി കൊന്നത്. അക്രമിസംഘത്തെ കണ്ട് ഓടിയൊളിച്ചെങ്കിലും പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കാൽപ്പത്തി വെട്ടിയെടുത്ത് നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിച്ച് ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നു.