ആലപ്പുഴയ്ക്കും മലമ്പുഴയ്ക്കും കേന്ദ്രത്തിന്‍റെ 170 കോടി

 
Kerala

ആലപ്പുഴയ്ക്കും മലമ്പുഴയ്ക്കും കേന്ദ്രത്തിന്‍റെ 170 കോടി

സ്വദേശ് ദര്‍ശന്‍ 2.0 സ്കീം പരിധിയില്‍പ്പെടുത്തിയാണ് സംസ്ഥാനത്തെ വിനോദസഞ്ചാര വികസനത്തിന് 169.05 കോടി രൂപ അനുവദിച്ചത്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി രൂപയുടെ കേന്ദ്രാ​നു​മ​തി. ആലപ്പുഴയിലെ ജലടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനവും പാര്‍ക്കും സൗന്ദര്യവത്കരിക്കുന്നതിനുമാണ് കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അനുമതി ലഭിച്ചത്.​ 2026 മാര്‍ച്ച് 31ന് മുമ്പ് രണ്ട് പദ്ധതികളും പൂര്‍ത്തീകരി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

സ്വദേശ് ദര്‍ശന്‍ 2.0 സ്കീം പരിധിയില്‍പ്പെ​ടു​ത്തി​യാ​ണ് സം​സ്ഥാ​ന​ത്തെ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​ന് 169.05 കോടി രൂപ അനുവദി​ച്ച​ത്. സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദ​ പ്രോജക്ട് റിപ്പോര്‍ട്ട് പരിശോധിച്ച​ശേ​ഷ​മാ​ണ് കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി. "ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്' എന്ന പദ്ധതിക്ക് 93.17 കോടി രൂപയും മലമ്പുഴ ഉദ്യാനവും പാര്‍ക്കും മോടി​ പിടിപ്പിക്കുന്നതിന് 75.87 കോടി രൂപയു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ആലപ്പുഴയിലെയും മലമ്പുഴയിലെയും ടൂറിസം പദ്ധതികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി കേരള ടൂറിസത്തെ സംബന്ധിച്ച് വലിയ നേട്ടമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജലാശയങ്ങളെ ബന്ധിപ്പിച്ചു​ള്ള "ആലപ്പുഴ-​ എ ​ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്' പദ്ധതി ആലപ്പുഴയെ പുതിയ ടൂറിസം ആകര്‍ഷണകേന്ദ്രമാക്കും എന്ന​തി​ൽ സംശയമില്ല. കായല്‍ ടൂറിസത്തില്‍ കേന്ദ്രീകരിക്കു​ന്ന ആലപ്പുഴയുടെ വി​നോ​ദ​സ‌​ഞ്ചാ​ര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താ​ൻ പദ്ധതിക്കാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ മലമ്പുഴ ഉദ്യാനവും പരിസരവും കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതിന് പദ്ധതി സഹായകമാകും. മലമ്പുഴയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സം​സ്ഥാ​ന​ത്തെ ഒ​ട്ടാ​കെ ടൂറിസം കേന്ദ്രമാക്കി വളര്‍ത്താനുള്ള പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഈ പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.​

ആലപ്പുഴ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്

ബീച്ച് ഫ്രണ്ട് വികസനം, കനാല്‍ പരിസര വികസനം, അന്താരാഷ്‌​ട്ര ക്രൂയിസ് ടെര്‍മിനല്‍, സാംസ്കാരിക-​ സാമൂഹ്യ പരിപാടികള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ​യു​ടെ വി​ക​സ​നം

മലമ്പുഴയി​ലെ പദ്ധതി​

തീം ​പാര്‍ക്കുകള്‍, വാട്ടര്‍ ഫൗണ്ടനുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, ലാന്‍ഡ് സ്കേപ്പി​ങ്, മെച്ചപ്പെട്ട സൗകര്യങ്ങള്‍, സുസ്ഥിര മാലിന്യ​സംസ്കരണ സംവിധാനങ്ങള്‍ എന്നിവ​യു​ടെ വി​ക​സ​നം.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു