ഒരു മാസത്തിനിടെ പിടിച്ചെടുത്തത് 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ
തിരുവനന്തപുരം: കഴിഞ്ഞ ഒരു മാസത്തിനിടെ 1,014 വെളിച്ചെണ്ണ ഗുണനിലവാര പരിശോധനകള്‍ നടത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ്. വില കൂടിയതിന്‍റെ പശ്ചാത്തലത്തിൽ വിപണിയിലെത്തിയ 17,000ത്തോളം ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാംപിളുകള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിച്ചു. 25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിര്‍മ്മാതാക്കള്‍ക്കെതിരേ നിയമ നടപടി സ്വീകരിച്ചു.
ഏപ്രില്‍ മുതല്‍ 21,030 ഭക്ഷ്യ സുരക്ഷാ പരിശോധനകളാണ് നടത്തിയത്. 331 സ്ഥാപനങ്ങള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തു. 1,613 സ്ഥാപനങ്ങളില്‍ നിന്ന് 63 ലക്ഷം രൂപ പിഴ ഈടാക്കി. ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്താൻ വ്യാപകമായി പരിശോധനകള്‍ ശക്തമാക്കും. അടുത്തയാഴ്ച മുതല്‍ എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡുകൾ ഇറങ്ങും. രാത്രികാല പരിശോധനയും ഉണ്ടാകും. തട്ടുകടകള്‍ കൂടി കേന്ദ്രീകരിച്ച് കര്‍ശന പരിശോധന ഉറപ്പാക്കാനും മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കി.
മാര്‍ക്കറ്റുകള്‍, ഭക്ഷണ ശാലകള്‍, തട്ടുകടകള്‍, ബേക്കിങ് യൂണിറ്റുകള്‍, കാറ്ററിങ് യൂണിറ്റുകള്‍ എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. ഭക്ഷ്യ എണ്ണകള്‍, നെയ്യ്, ശര്‍ക്കര, പാല്‍, പാലുത്പന്നങ്ങള്‍, പായസം മിശ്രിതം, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, വിവിധതരം ചിപ്‌സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുക.
ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷനോ ലൈസന്‍സോ എടുക്കാത്ത ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുകയോ, വില്‍ക്കുകയോ ചെയ്യരുത്. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ നിയമാനുസൃത ലേബല്‍ വ്യവസ്ഥകളോടെയേ വില്‍ക്കാവൂ. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരാതികള്‍ 18004251125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം.