ഹിരണ്‍ദാസ് മുരളി (വേടന്)
കൊച്ചി: ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടനെതിരേ കൂടുതൽ പരാതികൾ. റാപ്പര്‍ വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ തിങ്കളാഴ്ച തന്നെ ഡിജിപിക്ക് കൈമാറുമെന്നാണു വിവരം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാൻ രണ്ടു യുവതികളും സമയം തേടിയെന്നും യുവതികൾ ഉടൻ കൂടിക്കാഴ്ച നടത്തിയേക്കും. 2020-2021 കാലഘട്ടത്തിലാണ് ഇരുയുവതികളുടേയും പരാതിലും പറയുന്ന സംഭവം. സംഗീത പരിപാടികളവതരിപ്പിക്കുന്ന യുവതിയാണ് ഒരു പരാതിക്കാരിയെന്നാണ് വിവരം.
അതേസമയം, ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് വേടനെതിരേ വീണ്ടും പരാതികൾ. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ വേടന്‍ നിലവിൽ ഒളിവിലാണ്. 2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ പല തവണകളായി വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് ബലാത്സംഗക്കേസിൽ യുവ ഡോക്റ്റർ നൽകിയിരിക്കുന്ന മൊഴി. ലഹരിമരുന്ന് ഉപയോഗിച്ചശേഷം തന്നെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്.