ജിനിയ ജോസ്
കൊച്ചി: അങ്കമാലിയിലെ 21കാരിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനെതിരേ പരാതിയുമായി കുടുംബം. ആൺസുഹൃത്തിന്റെ മാനസിക പീഡനമാണ് മകളുടെ മരണത്തിന് കാരണമായത് എന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ യുവാവിനെതിരെ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.
അങ്കമാലിയിലെ സ്വകാര്യ ലാബില്‍ ടെക്നീഷ്യനായിരുന്ന ജിനിയ ജോസ് എന്ന ഇരുപത്തിയൊന്നുകാരിയെ ജനുവരി ഏഴിനാണ് വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലക്കുടി സ്വദേശിയായ ആണ്‍സുഹൃത്തില്‍ നിന്ന് മാനസിക പീഡനത്തിനു പുറമേ ജിനിയയ്ക്ക് ശാരീരിക ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
ആൺസുഹൃത്തിൽ നിന്നുള്ള മാനസിക പീഡനങ്ങൾ സൂചിപ്പിക്കുന്ന സന്ദേശം പെൺകുട്ടി സുഹൃത്തിന് അയച്ചിരുന്നു. അവൻ ജീവിതത്തിൽ വന്നതിനു ശേഷം തന്റെ ജീവിതത്തിൽ ഒരു സുഹൃത്തുപോലും ഇല്ലെന്നും തനിക്ക് മടുത്തെന്നുമാണ് പെൺകുട്ടി പറയുന്നത്. കോള് പോലും ബിസിയാകാൻ പറ്റില്ല. ബിസി ആയാൽ താൻ കാമുകനെ വിളിക്കുകയാണ് എന്ന് പറയുമെന്നും സുഹൃത്തിന് അയച്ച സന്ദേശത്തിൽ പറയുന്നു. 'ഒരു കോള് പോലും ബിസിയാകാൻ പാടില്ല, ബിസി ആയാൽ ഞാൻ കാമുകനെ വിളിക്കുകയാണ് എന്ന് പറയും, എനിക്ക് മടുത്തെടീ. ഇവൻ വന്ന ശേഷം എന്‍റെ ലൈഫിൽ ഒറ്റ ഫ്രണ്ട്സ് ഇല്ല, ഗേൾസ് പോലുമില്ല'-എന്നാണ് ജിനിയ തന്‍റെ കൂട്ടുകാരിക്ക് അയച്ച സന്ദേശം.