ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ
പത്തനംതിട്ട: 23കാരനെ പിടിച്ചുകൊണ്ടുപോയി പൊലീസ് അതിക്രൂരമായി മർദിച്ചെന്ന് പരാതി. കൊല്ലം ശാസ്താംകോട്ട പൊലീസിനെതിരേ അടൂർ സ്വദേശിയായ യുവാവാണ് പരാതി നൽകിയത്. പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാർ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ഒന്നര മണിക്കൂറോളം മർദിക്കുകയായിരുന്നു. ഇതിനെ തുടർന്ന് യുവാവിനെ കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
മേയ് 29നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാർ മണിക്കൂറുകളോളമാണ് യുവാവിനെ മർദിച്ചത്. മുട്ടുവച്ച് ഇടിക്കുകയും പുറത്ത് ശക്തമായി അടിക്കുകയും ചെയ്തു. കൈകൾ പിടിച്ചുവച്ചശേഷം ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചെന്നും പരാതിയിൽ പറയുന്നു. കൂടാതെ മർദനത്തിനിടെ തന്നെയും അമ്മയേയും അശ്ലീലമായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നും ആരോപണമുണ്ട്.
തുടക്കത്തിൽ ഭയം കാരണം മർദനത്തിന് ഇരയായ വിവരം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് ശാസ്താംകോട്ട ഡിവൈഎസ്പി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും നീതി കിട്ടിയില്ല. കൂടാതെ പരാതി പിൻവലിക്കാൻ പൊലീസുകാർ സമ്മർദം ചെലുത്തിയെന്നും യുവാവ് പറയുന്നു. തുടർന്നാണ് പൊലീസ് കംപ്ലൈന്‍റ്സ് അതോറിറ്റിയ സമീപിച്ചത്.