ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം Representative image - Freepik
Kerala

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി കൂടി ലഭിച്ചാൽ ശബരിമലയിൽ റോപ്പ് വേ നിർമാണം തുടങ്ങാനാകും. 14 വ‍ർഷം പഴക്കമുള്ള പദ്ധതിയാണ് യാഥാർഥ്യമാകാൻ കാത്തിരിപ്പ് തുടരുന്നത്.

പത്തനംതിട്ട: ശബരിമലയിലെ റോപ്പ്‍ വേ പദ്ധതിക്ക് തറക്കല്ലിട്ടാൽ 24 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനുള്ള തയാറാടെുപ്പിലാണ് കരാർ കമ്പനി. പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി വിട്ടു നൽകിയ ഉത്തരവ് വനംവകുപ്പിന് കൈമാറി. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി കൂടി ലഭിച്ചാൽ ശബരിമലയിൽ റോപ്പ് വേ നിർമാണം തുടങ്ങാനാകും. 14 വ‍ർഷം പഴക്കമുള്ള പദ്ധതിയാണ് യാഥാർഥ്യമാകാൻ കാത്തിരിപ്പ് തുടരുന്നത്.

മാളികപ്പുറത്തിനു പിന്നിലാകും റോപ്പ് വേയുടെ സന്നിധാനത്തെ സ്റ്റേഷൻ സ്ഥാപിക്കുക. 2.7 കിലോമീറ്റർ കടന്ന് പമ്പ ഹിൽടോപ്പ് സ്റ്റേഷനിലാണ് മറ്റൊരു റോപ്പ് വേ. ശബരിമല മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായുള്ള പദ്ധതിക്ക് 2011 ൽ ആഗോള കരാർ വിളിക്കുകയും 2015 ൽ കരാർ ഉറപ്പിക്കുകയും ചെയ്തിരുന്നു. 18 സ്റ്റെപ്പ് ദാമോദർ കേബിള്‍ കാർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാർ നേടിയത്.

വനനശീകരണം ചൂണ്ടിക്കാട്ടി പദ്ധതിയെ വനംവകുപ്പ് തുടക്കത്തിൽ എതിർത്തു. ആദ്യ പദ്ധതി രേഖപ്രകാരം ഇരുനൂറിലധികം മരങ്ങള്‍ മുറിക്കേണ്ടിവരുമായിരുന്നു. രണ്ട് സ്റ്റേഷനുകളും വനഭൂമിയിലായിരുന്നു എന്നതാണ് പ്രശ്നമായത്. എന്നാൽ, പിന്നീട് രൂപ രേഖ മാറ്റിയതോടെ ശബരിമല റോപ്പ് വേ സ്വപ്നത്തിന് വീണ്ടും ജീവൻ വച്ചു.

ശബരിപാതയ്ക്ക് സമീപത്തു കൂടി പദ്ധതി മാറ്റിയപ്പോള്‍ മുറിക്കേണ്ട മരങ്ങള്‍ 80 ആയി കുറഞ്ഞു. ഏഴ് ടവറുകള്‍ക്ക് പകരം അഞ്ച് ടവറുകളായി.

ആംബുലൻസ് കേബിള്‍ കാറുകള്‍ ഉള്‍പ്പെടെ 40 മുതൽ 60 കേബിള്‍ കാറുകള്‍ വരെയുണ്ടാകും. സാധനങ്ങളും രോഗികളെയും എത്തിക്കാൻ റോപ്പ് വേ വഴി പത്തുമിനിറ്റ് മതിയാകും. ബിഒടി അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുക. ശബരിമലയിൽ ഏറ്റെടുത്ത വനഭൂമിക്ക് പകരം കൊല്ലം പുനലൂർ താലൂക്കിലാണ് റവന്യൂ ഭൂമി വിട്ടുനൽകിയത്. നിരവധി കടമ്പകള്‍ കടന്നാണ് പദ്ധതി ഇപ്പോള്‍ യഥാർത്ഥ്യത്തിലേക്കടുക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു