Kerala

പ്രധാനമന്ത്രി ഇന്ന് ഉദ്‌ഘാടനം ചെയ്യുന്നത് 4,000 കോടിയുടെ പദ്ധതികൾ

രണ്ടാം വിമാനവാഹിനി നിർമിക്കാനും കരാർ ലഭിക്കാനുമുള്ള സാധ്യതയുമേറി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്യുന്നത് 4,000 കോടി രൂപയുടെ മൂന്ന് പദ്ധതികൾ; കൊച്ചി കപ്പൽശാലയിലെ ഡ്രൈ ‍ഡോക്, രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം (ഐഎസ്‌ആർഎഫ്), ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ.

തുറമുഖ, ഷിപ്പിങ്, വാതക മേഖലയിൽ രാജ്യത്തിന്‍റെ ശേഷി വർധിപ്പിക്കുക എന്ന കേന്ദ്ര നയത്തിന്‍റെ ചുവടു പിടിച്ചാണ് ഈ വമ്പൻ പദ്ധതികൾ നടപ്പാക്കുന്നത്. മാരിടൈം – ഷിപ്പിങ് മേഖലയിൽ ആഗോള ഹബ്ബായി ഉയരാൻ ഇതോടെ കൊച്ചിക്കു വഴിയൊരുങ്ങും. ഏകദേശം 1,800 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ഡ്രൈ ഡോക്ക്, നവ ഇന്ത്യയുടെ എൻജിനീയറിങ് വൈദഗ്ധ്യം പ്രതിഫലിപ്പിക്കുന്ന പ്രധാന പദ്ധതിയാണ്.

കൊച്ചി കപ്പൽശാലയിലെ 15 ഏക്കറിൽ 1,800 കോടി രൂപ ചെലവിൽ നിർമിച്ച ഡ്രൈ ഡോക്ക് കപ്പൽ നിർമാണ രംഗത്തു ഷിപ്‌യാഡിന്‍റെ വളർച്ചയ്ക്ക് ആക്കം കൂട്ടും. 310 മീറ്റർ നീളവും 75 മീറ്റർ വീതിയും 13 മീറ്റർ ആഴവുമുള്ള ഡ്രൈ ഡോക്ക് ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലുതാണ്. 70,000 ടൺ വരെ ഭാരമുള്ള കൂറ്റൻ വിമാനവാഹിനി കപ്പലുകൾ, എൽഎൻജി കാരിയറുകൾ, ഡ്രഡ്ജറുകൾ, വാണിജ്യ യാനങ്ങൾ തുടങ്ങിയവയെല്ലാം ഇനി ഇവിടെ നിർമിക്കാം. കപ്പൽ താഴുന്നതിന് 9.5 മീറ്റർ വരെ ആഴവും 310 മീറ്റർ നീളമുള്ള സ്റ്റെപ്പ്ഡ് ഡ്രൈ ഡോക്ക് ഈ മേഖലയിലെ ഏറ്റവും വലിയ സമുദ്ര അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നാണ്.

പുതിയ ഡ്രൈ ഡോക്ക് പദ്ധതിയിൽ കരുത്തുറ്റ ഗ്രൗണ്ട് ലോഡിങ് സൗകര്യമുണ്ട്. തന്ത്രപ്രധാന നിർമിതികൾക്കു വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതു ചുരുക്കാനും വിദേശ നാണ്യം ലാഭിക്കാനും കഴിയും. ഇതോടെ ഐഎൻഎസ് വിക്രാന്ത് പിറവിയെടുത്ത ഷിപ്‌യാഡിൽ തന്നെ രണ്ടാം വിമാനവാഹിനി നിർമിക്കാനും കരാർ ലഭിക്കാനുള്ള സാധ്യതയുമേറി.

6,000 ടൺ വരെ ഭാരം ഉയർത്താനാകുന്ന ഷിപ് ലിഫ്റ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുള്ള ഇന്‍റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റി (ഐഎസ്ആർഎഫ്) കപ്പലുകളുടെ അറ്റകുറ്റപ്പണി മേഖലയിൽ കൊച്ചി ഷിപ്‌യാഡിനു വൻ കുതിപ്പു നൽകും. 15,400 ടൺ സംഭരണ ശേഷിയുള്ള പുതുവൈപ്പ് എൽപിജി ടെർമിനൽ കേരളത്തിലെ ആദ്യ എൽപിജി ഇറക്കുമതി ടെർമിനലാണ്. ഇതോടെ, എൽപിജിക്കായി മംഗളൂരു ഹിന്ദുസ്ഥാൻ പെട്രോളിയം ടെർമിനലിനെ ആശ്രയിക്കുന്നത് ഒഴിവാക്കാം.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം