ഡിവൈ.എസ്പി ആർ. മനോജ് കുമാറിന്‍റെ വാട്ട്സാപ്പ് സ്റ്റാറ്റസ്.
പാലക്കാട്: രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ ശബരിമല സന്ദർശനത്തിൽ ആചാരലംഘനങ്ങളുണ്ടായെന്ന് വാട്ട്സാപ്പ് സ്റ്റാറ്റസിട്ട ഡിവൈ.എസ്പിയോട് എസ്പി വിശദീകരണം തേടി. ആലത്തൂർ ഡിവൈ.എസ്പി ആർ. മനോജ് കുമാറാണ് വിവാദ വാട്ട്സാപ്പ് സ്റ്റാറ്റസിട്ടത്. ഇതിൽ പ്രതിഷേധിച്ച് ഡിവൈ.എസ്പി ഓഫിസിലേക്ക് ബിജെപി പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
നിരവധി ഹൈക്കോടതി വിധികൾ രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ലംഘിക്കപ്പെട്ടെന്നും, നിരവധി ആചാരലംഘനങ്ങൾ നടന്നുവെന്നുമാണ് വാട്ട്സാപ്പ് സ്റ്റാറ്റസിൽ ആരോപിച്ചിരുന്നത്.
ഇതിൽ പറയുന്ന ഹൈക്കോടതി വിധിയുടെ ലംഘനങ്ങൾ ഇവ:
ഒരു വ്യക്തിക്കായി ഭക്തരെ തടയരുത്
തൊഴാൻ ആർക്കും വിഐപി പരിഗണന നൽകരുത്
ആരെയും വാഹനത്തിൽ മല കയറ്റരുത്
ഡിവൈ.എസ്പി ആരോപിക്കുന്ന ആചാരലംഘനങ്ങൾ:
പള്ളിക്കെട്ട് നേരിട്ട് മേൽശാന്തി ഏറ്റുവാങ്ങി തിരുനടയ്ക്കുള്ളിൽ വച്ചു
യൂണിഫോമിട്ട സെക്യൂരിറ്റി ഉദ്യോഗസ്ഥർ 18ാം പടി കയറി
ഇതൊക്കെ നടന്നിട്ടും സംഘപരിവാറും കോൺഗ്രസും ഒരുവിധ നാമജപ യാത്രകളും നടത്തിയില്ലെന്നും, മാധ്യമങ്ങൾ വാർത്തയാക്കിയില്ലെന്നും ഡിവൈ.എസ്പി പറയുന്നു. പിണറായി വിജയനോ ഇടതു മന്ത്രിമാരോ ആയിരുന്നെങ്കിൽ ഇങ്ങനെയാവുമായിരുന്നില്ല എന്നും, അതിനർഥം വിശ്വാസമോ ആചാരമോ അല്ല, രാഷ്ട്രീയമാണു പ്രശ്നം എന്നും സ്റ്റാറ്റസിൽ പറഞ്ഞിരുന്നു.
എന്നാൽ, താൻ സ്റ്റാറ്റസാക്കിയതല്ലെന്നും, വാട്ട്സാപ്പിൽ വന്ന മെസേജ് അബദ്ധത്തിൽ കൈതട്ടി സ്റ്റാറ്റസ് ആയതാണെന്നുമാണ് ഡിവൈ.എസ്പി അവകാശപ്പെടുന്നത്. എസ്പിക്കു നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടികളുണ്ടാകും.