.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
എം.ബി. രാജേഷ്, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി
സ്ത്രീശാക്തീകരണ, ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ സൃഷ്ടിച്ച കുടുംബശ്രീ ഇന്ന് രജതജൂബിലി ആഘോഷിക്കുകയാണ്. 2022 മെയ് 17ന് തുടക്കം കുറിച്ച ഒരു വര്‍ഷം നീണ്ട രജത ജൂബിലി ആഘോഷങ്ങളുടെ അർഥപൂര്‍ണമായ പരിസമാപ്തി.
പെണ്‍കരുത്തില്‍ പടുത്തുയര്‍ത്തിയ സമാനതകളില്ലാത്ത വികസന ചരിത്രമാണ് കുടുംബശ്രീയുടേത്. കേരളത്തിന്റെ ഭൂമികയിലേക്ക് ഇത്രമേല്‍ ആഴത്തില്‍ വേരോട്ടം സാധ്യമായ ഒരേയൊരു പ്രസ്ഥാനമാണ് ഈ സ്ത്രീകൂട്ടായ്മ. 3 ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളിലായി 46.16 ലക്ഷം വനിതകള്‍ അംഗങ്ങളായ ഈ ത്രിതല സംഘടനാ സംവിധാനം ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സ്ത്രീകൂട്ടായ്മയെന്ന ഖ്യാതിയും സ്വന്തമാക്കി. കേരളീയ സ്ത്രീസമൂഹത്തെ അടുക്കളയിൽ നിന്ന് അരങ്ങത്തെത്തിച്ച മഹാപ്രസ്ഥാനമായാണ് ചരിത്രം കുടുബശ്രീയെ അടയാളപ്പെടുത്തുന്നത്.
ദാരിദ്ര്യം ഇല്ലായ്മ ചെയ്ത് സ്ത്രീശാക്തീകരണം സാധ്യമാക്കുകയെന്ന വലിയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 1998 മെയ് 17ന് കുടുംബശ്രീ രൂപീകൃതമായത്. ഈ സ്ത്രീപക്ഷ പ്രസ്ഥാനത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞത് അതിനനുയോജ്യമായ രാഷ്ട്രീയ, സാമൂഹ്യ അടിത്തറ ഇവിടെ നിലവിലുള്ളതുകൊണ്ടാണ്. 1957ലെ ഇഎംഎസ് സർക്കാരിന്റെ നയങ്ങൾ അതിൽ നിർണായകമാണ്. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് ഇന്ന് കേരളം. ഈ മികവിന് ഇടതുപക്ഷ ഗവൺമെന്റുകൾ വലിയ സംഭാവനകൾ നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെ മാറ്റിമറിച്ച പരിഷ്കാരങ്ങൾക്ക് രൂപം നല്കിയ ഇടതുപക്ഷം തന്നെയാണ് ജനകീയാസൂത്രണത്തിനു തുടർച്ചയായി കുടുംബശ്രീ പ്രസ്ഥാനത്തിനും നാന്ദി കുറിച്ചത്.
അടുക്കളയുടെ ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞിരുന്ന സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും കണ്ടെത്താനും സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനും ദാരിദ്ര്യം ലഘൂകരിക്കാനും അവരെ പ്രാപ്തരാക്കുകയെന്ന ദൗത്യമാണ് കുടുംബശ്രീ ഏറ്റെടുത്തത്. അതു വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞു. അയല്‍ക്കൂട്ടങ്ങളില്‍ സൂക്ഷ്മ സമ്പാദ്യം പ്രോത്സാഹിപ്പിക്കുകയും അതില്‍ നിന്നും തങ്ങളുടെ ആവശ്യങ്ങള്‍ക്കായി വായ്പ ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ വീട്ടുമുറ്റത്തെ ബാങ്കായി അയല്‍ക്കൂട്ടങ്ങള്‍ മാറിയിരിക്കുന്നു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ഭാഗമായി നിലവില്‍ 8,029.47 കോടി രൂപയുടെ നിക്ഷേപമാണ് അയല്‍ക്കൂട്ടങ്ങളുടേതായി ഇന്ന് സംസ്ഥാനത്തെ വിവിധ ബാങ്കുകളിലുള്ളത്. ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പ്പറേഷന്, സ്റ്റേറ്റ് ഇന്‍ഷ്വറൻസ് വകുപ്പ് എന്നിവയുമായി സഹകരിച്ച് "ജീവന് ദീപം ഒരുമ' പദ്ധതിയിലൂടെ 11.31 ലക്ഷം അംഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കാനും കഴിഞ്ഞു.
നിലവില്‍ കുടുംബശ്രീ മുഖേന നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായി 1,08,464 സൂക്ഷ്മസംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 2 ലക്ഷത്തോളം വനിതകള്‍ ഇതില്‍ അംഗങ്ങളാണ്. ഉത്പാദന, സേവന മേഖലകളില്‍ വൈവിധ്യമാര്‍ന്ന തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താനും സുസ്ഥിര വരുമാനം ഉറപ്പു വരുത്താനും അതുവഴി പ്രാദേശിക സാമ്പത്തിക വികസന പ്രക്രിയ ത്വരിതപ്പെടുത്താനും കുടുംബശ്രീ വലിയ പങ്കു വഹിക്കുന്നു. കുടുംബശ്രീയുടെ വിവിധ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതികളുടെ ഭാഗമായി 96,864 പേര്‍ക്ക് പരിശീലനം ലഭ്യമാക്കാനും 72,412 പേര്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാനും കഴിഞ്ഞു. അയല്‍ക്കൂട്ട വനിതകളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളത് സൂക്ഷ്മസംരഭ മേഖലയിലെ പ്രവര്‍ത്തനങ്ങളാണ്.
സ്വയം തൊഴില്‍ മേഖലയിലേക്ക് കടന്നു വരുന്ന വനിതകള്‍ക്ക് കഴിവിനും അഭിരുചിക്കും നൈപുണ്യത്തിനും അനുസൃതമായ സംരംഭങ്ങള്‍ തുടങ്ങാൻ സാമ്പത്തിക സഹായം നല്കുന്നതു കൂടാതെ പൊതു അവബോധം, സംരംഭകത്വ വികസനം, നൈപുണ്യ വികസനം എന്നിവയില്‍ മികച്ച പരിശീലനവും കൂടാതെ സംരംഭകത്വ കണ്‍സള്‍ട്ടന്‍സി, പരിശീലന ഏജന്‍സികള്‍ എന്നിവയുടെ പിന്തുണയും നല്കുന്നു. ഭക്ഷ്യോത്പാദനത്തിനൊപ്പം, കൂടുതല്‍ തൊഴില്‍ വൈദഗ്ധ്യവും സാങ്കേതിക മികവും മുതല്‍മുടക്കും ആവശ്യമായി വരുന്ന നൂതന സംരംഭ മേഖലകളിലും കുടുംബശ്രീ സാന്നിധ്യമുറപ്പിച്ചു.
ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണിയും സംരംഭകര്‍ക്ക് വരുമാന ലഭ്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഒഎന്‍ഡിസി ഡിജിറ്റല്‍ പ്ലാറ്റ്ഫോം അടക്കമുള്ള ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് കുടുംബശ്രീ കടന്നു. കുടുംബശ്രീ ബസാര്‍ഡോട്ട്കോം (kudumbashreebazaar.com) കൂടാതെ ആമസോണ്‍ സഹേലി, ഫ്ലിപ്കാര്‍ട്ട് എന്നിവയിലൂടെയും വിപണനം ഊര്‍ജിതപ്പെടുത്തുന്നു. ഒപ്പം ദേശീയ സരസ് മേളകള്‍, ഓണം, റംസാന്, വിഷു, ക്രിസ്മസ് വിപണികളിലും കുടുംബശ്രീ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടുംബശ്രീയുടെ മുന്തിയ ഇനം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സിഗനേച്ചര്‍ സ്റ്റോര്‍ ആധുനികതയുടെ മുഖമുദ്രയുള്ളതാണ്.
വിവിധ വകുപ്പുകളും ഏജന്‍സികളുമായുള്ള സംയോജനം വഴിയും നിരവധി പദ്ധതികള്‍ നടപ്പാക്കുന്നു. ഇതില്‍ ഏറ്റവും സ്വീകാര്യത നേടിയ പദ്ധതിയാണ് ജനകീയ ഹോട്ടല്‍. പൂരക പോഷകാഹാരമായ ന്യൂട്രിമിക്സ്, അജൈവ മാലിന്യ സംസ്കരണത്തിന് ഹരിതകര്‍മ സേന, വനിതാ കെട്ടിട നിർമാണ യൂണിറ്റുകള്‍, എറൈസ് മള്‍ട്ടി ടാസ്ക് ടീമുകള്‍ എന്നിവയും കുടുംബശ്രീ വിജയിപ്പിച്ച പദ്ധതികളാണ്.
കൊച്ചി മെട്രൊയുടെ 24 സ്റ്റേഷനുകളിലും ജോലി ചെയ്യുന്നത് കുടുംബശ്രീ വനിതകളാണ്. നിലവില്‍ 555 പേരാണ് ഇവിടെയുള്ളത്. ഹൗസ് കീപ്പിങ്, ടിക്കറ്റിങ്, കസ്റ്റമര്‍ കെയര്‍, ഹെല്പ് ഡെസ്ക്, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സര്‍വീസ്, പൂന്തോട്ടം- പച്ചക്കറിത്തോട്ട നിര്‍മാണം, കിച്ചണ്‍, കാന്റീന്, പാര്‍ക്കിങ് എന്നീ വിഭാഗങ്ങളിലാണ് ഇവരുടെ സേവനം. പുതിയ കൊച്ചി വാട്ടര്‍ മെട്രൊയിലും തിളങ്ങുന്നത് കുടുംബശ്രീയുടെ പെണ്‍കരുത്താണ്. ഹൗസ് കീപ്പിങ്, ടിക്കറ്റിങ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള 30 പേരും കുടുംബശ്രീ വനിതകള്‍.
കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന പ്രത്യേക ഉപജീവന പദ്ധതിയില്‍ ഇന്ന് 73,168 കര്‍ഷക സംഘങ്ങളും അതില്‍ 3,31,207 വനിതകള്‍ അംഗങ്ങളുമുണ്ട്. മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന ആട് ഗ്രാമം, ക്ഷീര സാഗരം. കേരള ചിക്കന്‍ പദ്ധതികള്‍ വഴിയും സാധാരണക്കാരായ സ്ത്രീകള്‍ക്ക് വരുമാനം നേടാനും സ്വന്തം കാലില്‍ നില്‍ക്കാനും പ്രാപ്തരാകുന്നു.
പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, അഗതികള്‍, നിരാലംബര്‍, മാനസിക- ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കുടുംബശ്രീ മുഖേന സാമൂഹ്യ സുരക്ഷാ മേഖലയില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നു. അഗതി കുടുംബങ്ങളുടെ അതിജീവന- ഉപജീവന- മാനസിക ആവശ്യങ്ങള്‍ ലഭ്യമാക്കി അവര്‍ക്ക് കരുതലും സുരക്ഷയും ഒരുക്കാൻ നടപ്പാക്കുന്ന അഗതിരഹിത കേരളം പദ്ധതിയാണ് അതില്‍ ഏറ്റവും ശ്രദ്ധേയം. തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുമായി സഹകരിച്ചു നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാനത്ത് 1,57,382 അഗതി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമാകുന്നു. കൂടാതെ 11,092 ഭിന്നശേഷി വിദ്യാർഥികള്‍ക്ക് 330 ബഡ്സ് സ്ഥാപനങ്ങളില്‍ പരിശീലനം നല്കി മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. 28,528 ബാലസഭകളില്‍ അംഗങ്ങളായ 4,26,509 കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ശാക്തീകരണത്തിനും അതോടൊപ്പം വികസന പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കാന്‍ പ്രാപ്തരാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.
പട്ടികവര്‍ഗ മേഖലയിൽ പത്തോളം പ്രത്യേക പദ്ധതികളാണ് നടപ്പാക്കുന്നത്. സംസ്ഥാനമൊട്ടാകെ 7,135 പട്ടികവര്‍ഗ അയല്‍ക്കൂട്ടങ്ങളും അതില്‍ 1.2 ലക്ഷത്തിലേറെ അംഗങ്ങളുമുണ്ട്. അയല്‍ക്കൂട്ടങ്ങള്‍, ഊരുസമിതികള്‍, പഞ്ചായത്ത് സമിതികള്‍ എന്നിവ മുഖേനയാണ് ഈ മേഖലയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാര ലഭ്യത ഉറപ്പു വരുത്താൻ കമ്മ്യൂണിറ്റി കിച്ചന്, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് സഫല, സ്കൂൾ പഠനം പൂര്‍ത്തിയാക്കാതെ പോകുന്ന കുട്ടികള്‍ക്കായി ബ്രിഡ്ജ് കോഴ്സ്, യുവതീയുവാക്കള്‍ക്ക് ഡിഡിയുജികെവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴില്‍ നൈപുണ്യ പരിശീലനം എന്നിവയും നടപ്പാക്കുന്നു. തീരമേഖലയിലെ ശാക്തീകരണം ലക്ഷ്യമിട്ട് കോസ്റ്റല്‍ വോളണ്ടിയര്‍മാര്‍ മുഖേന അയല്‍ക്കൂട്ട രൂപീകരണവും സംരംഭകത്വ രൂപീകരണവും നടന്നു വരുന്നു. കാസര്‍ഗോഡ് കന്നഡ മേഖലയിലെ വനിതകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് "കന്നഡ സ്പെഷ്യല്‍ പ്രോജക്ട്' എന്ന പ്രത്യേക പദ്ധതിക്ക് കുടുംബശ്രീ തുടക്കമിട്ടു.
സ്ത്രീകളുടെ വ്യക്തിത്വത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളും കുടുംബശ്രീ നടത്തിവരുന്നു. സ്ത്രീ പദവി സ്വയംപഠന പ്രക്രിയ, അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി 14 ജില്ലകളിലും അട്ടപ്പാടിയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്ക്, പ്രാദേശിക തലത്തില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ 19,326 വിജിലന്റ് ഗ്രൂപ്പുകള്‍, 803 ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍, 140 മാതൃകാ ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍, 304 സ്കൂളകളിലും 70 കോളെജുകളിലും ജെന്‍ഡര്‍ ക്ലബ്ബുകള്‍, 360 കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവ ഉള്‍പ്പെടെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ നേതൃത്വത്തില്‍ നടപ്പാക്കുന്നു.
നാഷണല്‍ റിസോഴ്സ് ഓര്ഗനൈസേഷന് മുഖേന 24 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും കുടുംബശ്രീ മാതൃക നടപ്പാക്കി അവിടത്ത ദരിദ്ര വനിതകള്‍ക്കും കുടുംബങ്ങള്‍ക്കും അഭയകേന്ദ്രമാവുകയാണ് കേരളത്തിന്റെ കുടുംബശ്രീ. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന, സ്റ്റാര്‍ട്ടപ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം, ദേശീയ നഗര ഉപജീവന ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന നോഡല്‍ ഏജന്‍സിയും കുടുംബശ്രീയാണ്. ഇതില്‍ ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി തെരുവില്‍ അലയുന്ന നഗര ദരിദ്രര്‍ക്കായി അഭയകേന്ദ്രങ്ങളും തെരുവോര കച്ചവടക്കാര്‍ക്ക് പുതിയ സംരംഭം ആരംഭിക്കാൻ പ്രവര്‍ത്തന മൂലധനവും തിരിച്ചറിയില്‍ കാര്‍ഡും നല്കുന്നു. കൂടാതെ ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാര്‍, ലൈസന്‍സ് എന്നിവയടക്കം ലഭ്യമാക്കുകയും ചെയ്യുന്നു. എൻയുഎൽഎം പദ്ധതി നടത്തിപ്പിലെ മികവിന് ദേശീയ സ്പാർക്ക് റാങ്കിങ്ങിൽ തുടർച്ചയായി ആറാം തവണയും പുരസ്ക്കാരം നേടാൻ കുടുംബശ്രീക്കായി.
പ്രതിസന്ധിഘട്ടങ്ങളില്‍ സഹജീവികള്‍ക്ക് താങ്ങും തണലുമാകാനും കുടുംബശ്രീ കൂട്ടായ്മ ഒപ്പമുണ്ടെന്നു തെളിയിച്ച അവസരങ്ങളായിരുന്നു 2018, 2019ലെ പ്രളയങ്ങളും കൊവിഡ് മഹാമാരിയും. പ്രളയക്കെടുതിയില്‍ ഏറെ നാശനഷ്ടങ്ങള്‍ നേരിടേണ്ടി വന്നപ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി രൂപ സംഭാവന ചെയ്ത് നാടിനു തുണയാകാന്‍ തങ്ങള്‍ ഒപ്പമുണ്ടെന്ന് കുടുംബശ്രീ സഹോദരിമാര്‍ തെളിയിച്ചു. കൊവിഡ് കാലത്ത് ജനകീയ ഹോട്ടല്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കിയതിലൂടെ ഈ പെണ്‍കൂട്ടായ്മ മികച്ച മാതൃകയായി. സ്ത്രീ ശാക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃകയാണ് കുടുംബശ്രീ എന്ന രാഷ്ട്രപതി ദൗപതി മുർമുവിന്റെ വാക്കുകൾ ഈ അവസരത്തിൽ സ്മരണീയമാണ്.
കുടുംബശ്രീ പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അടുക്കളയുടെ ചുവരുകള്‍ക്കുള്ളില്‍ നിന്നും ഭരണരംഗത്തെ വിവിധ ഉയർന്ന സ്ഥാനങ്ങളിൽ എത്താന്‍ സ്ത്രീകള്‍ക്ക് സാധിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളില്‍ അധികാര സ്ഥാനങ്ങളിലേക്ക് എത്തിയിട്ടുള്ള സ്ത്രീകളിലേറെയും കുടുംബശ്രീ വനിതകളാണ്. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച അറിവും ആര്‍ജവത്വവും ആത്മവിശ്വാസവും അവരില്‍ വ്യക്തമായ രാഷ്ട്രീയബോധവും ഇച്ഛാശക്തിയും വളര്‍ത്താന്‍ സഹായകമായി.
ഇന്നലെകളിലെ പ്രവര്‍ത്തന അനുഭവങ്ങളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് അടുത്ത 5 വര്‍ഷങ്ങളില്‍ എങ്ങനെ മുന്നേറണം എന്നതിനെക്കുറിച്ചും വ്യക്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുടുംബശ്രീക്ക് ശക്തമായ ഒരു യുവനിരയെ കൂടി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 19,544 ഓക്സിലറി ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കുകയും വിദ്യാസമ്പന്നരായ ഇവരുടെ ബൗദ്ധിക ശേഷിയും ഊര്‍ജസ്വലതയും പ്രയോജനപ്പെടുത്തിക്കൊണ്ട് സംസ്ഥാനമൊട്ടാകെ സംരംഭ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി "ഷീ സ്റ്റാര്‍ട്ട്സ്' പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു.
മാറുന്ന വിപണി സംസ്കാരത്തിനനുസൃതമായി ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയും തൊഴില്‍ നൈപുണ്യശേഷി വര്‍ധിപ്പിച്ചും വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ തുടങ്ങാന്‍ യുവതികള്‍ക്ക് അവസരമൊരുക്കുന്നതിനുള്ള പരിശീലന പരിപാടികള്‍ക്കും ഇതോടൊപ്പം തുടക്കമായിട്ടുണ്ട്. ചെറുകിട- സൂക്ഷ്മ സംരംഭങ്ങളില്‍ നിന്നും വ്യാവസായിക അടിസ്ഥാനത്തിലുള്ള വലിയ സംരംഭങ്ങള്‍ ആരംഭിച്ചും അതുവഴി തൊഴിലവസര സാധ്യതകള്‍ സൃഷ്ടിച്ചും വരുമാന വർധനവിന് ആക്കം കൂട്ടുകയാണ് ലക്ഷ്യം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ചെറുതും വലുതുമായ സംരംഭങ്ങളും സംരംഭ കൂട്ടായ്മകളും ആരംഭിക്കുന്നതോടെ സ്വന്തമായി വരുമാനം കണ്ടെത്താന്‍ സാധിക്കുന്നതിനൊപ്പം മറ്റുള്ളവര്‍ക്കും തൊഴിലും സുസുസ്ഥിര വരുമാനവും ലഭ്യമാക്കുന്ന തൊഴില്‍ദാതാവായും അയല്‍ക്കൂട്ട വനിതകള്‍ക്ക് മാറാന്‍ സാധിക്കും.
ഇങ്ങനെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് ഓരോ വനിതയേയും അവരുടെ കുടുംബങ്ങളെയും നയിച്ചു കൊണ്ട് പ്രാദേശിക സാമ്പത്തിക വികസന പ്രക്രിയക്ക് കരുത്തേകാനും, സമഗ്രമായ ജീവിത പുരോഗതി കൈവരിക്കാന്‍ കേരളീയ സ്ത്രീസമൂഹത്തെ പ്രാപ്തരാക്കുകയുമാണ് കുടുംബശ്രീയുടെ ഇനിയുള്ള ലക്ഷ്യം.