കൊല്ലം: ആഴക്കടലിന്‍റെ അടിത്തട്ടില്‍ വിരാജിക്കുന്ന കൊമ്പന്മാര്‍ ആശ്രാമം മൈതാനത്ത് എത്തുന്നു. ലക്ഷകണക്കിന് ലിറ്റര്‍ വെള്ളത്തില്‍ തീര്‍ത്ത സാഗരക്കാഴ്ചകള്‍ കണ്ട് കടലിന്‍റെ അടിത്തട്ടിലൂടെ നടക്കുമ്പോള്‍ തലയ്ക്ക് മുകളില്‍ വലിയ മത്സ്യങ്ങള്‍. മറൈന്‍ വേള്‍ഡ് ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം കൊല്ലത്തിന് വ്യത്യസ്തമായ വിസ്മയ കാഴ്ച ഒരുക്കും.
20ന് വൈകിട്ട് 5 മണിക്ക് നടി ഭാവന പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ആഴക്കടലിലെ ചെകുത്താന്‍ ആംഗ്ലൈര്‍ ഫിഷ് നെറ്റിയില്‍ ടോര്‍ച്ചുമായി നിങ്ങളെ വിഴുങ്ങാന്‍ ആശ്രാമം മൈതാനത്ത് പ്രവേശന കവാടത്തില്‍ ഉണ്ടാകും. അണ്ടര്‍ വാട്ടര്‍ ടണലിലേക്ക് പ്രവേശിച്ചാല്‍ കടലിന് അടിയിലൂടെയുള്ള നടത്തം നവ്യാനുഭവമായി മാറും. 10 കോടി രൂപ മുതല്‍ മുടക്കി നവീന സങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് കരയില്‍ കടല്‍ ഒരുക്കിയിരിക്കുന്നതെന്ന് മറൈന്‍ വേള്‍ഡ് മാനെജിങ് ഡയറക്റ്റര്‍ ഫയാസ് റഹ്‌മാന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള തുണിത്തരങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വമ്പിച്ച വിറ്റഴിക്കല്‍ മേളയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പട്ടുസാരികള്‍, കോട്ടണ്‍ സാരികള്‍, സെറ്റ് മുണ്ടുകള്‍, കൈത്തറികള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ വലിയ കലക്ഷനൊപ്പം 50 ശതമാനം വിലക്കുറവില്‍ ഫര്‍ണീച്ചറുകളും പവലിയനില്‍ ലഭ്യമാണ്. കൂടാതെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള രുചിയൂറും വിഭവങ്ങളുമായി ഫുഡ് കോര്‍ട്ടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ അമ്യൂസ്മെന്‍റ് റെയ്ഡുകളും സജ്ജമാണ്.
പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ രാത്രി 9 മണി വരെയും അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 9 മണി വരെയുമാണ് പ്രവേശനം. അഞ്ച് വയസിന് മുകളിലുള്ളവര്‍ 120 രൂപയാണ് പ്രവേശന ഫീസ്. വാർത്താസമ്മേളനത്തിൽ മാനെജര്‍ സന്തോഷ്, മാര്‍ക്കറ്റിങ് ഹെഡ് ബിജു എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.