വിധി കേട്ട ശേഷം കോടതിയിൽ നിന്നു പുറത്തുവന്ന ദിലീപ്.
Manu Shelly | Metro Vaartha
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതിയായ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി അടക്കമുള്ളവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം. വര്‍ഗീസാണ് കേസിൽ വിധി പറഞ്ഞത്. ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.
ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നും കോടതി വ്യക്തമാക്കി. പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു.
വിധി കേട്ട ശേഷം പടിക്കെട്ടുകളിറങ്ങി കോടതിയിൽ നിന്നു പുറത്തേക്കു വരുന്ന നടൻ ദിലീപ്.
ആറു പ്രതികളുടെയും ശിക്ഷാ വിധിയിൽ ഡിസംബര്‍ 12ന് വാദം നടക്കും. ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.
ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. ഒന്നാംപ്രതിയായ പൾസർ സുനിൽ, മാർട്ടിൻ ആന്‍റണി, മണികണ്ഠൻ, വിജീഷ്, സലീം, പ്രദീപ് എന്നിവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ചാര്‍ളിയെയും പത്താം പ്രതിയായ ശരത്തിനെയും കോടതി വെറുതെ വിട്ടു.
ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാൽ, തന്നെ കേസിൽപെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം.
കോടതി വിധി പ്രഖ്യാപിച്ച ശേഷം ഒന്നാം പ്രതി പൾസർ സുനിയെ പൊലീസ് പുറത്തേക്കു കൊണ്ടുപോകുന്നു.
നിലവിൽ ജാമ്യത്തിലുള്ള ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്തു. ജാമ്യം റദ്ദാക്കി ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റി. കേസിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് പ്രതികളെയാണ് വെറുതെ വിട്ടത്.ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരുന്നത്. 8 വര്‍ഷം നീണ്ട വിചാരണ പൂര്‍ത്തിയാക്കിയാണ് കേസിലാണ് വിധി വന്നത്. വിധി പ്രസ്താവത്തിന്‍റെ പശ്ചാത്തലത്തിൽ കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
വിചാരണക്കിടെ 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. കേസിലെ മൂന്നു പ്രതികളെ മാപ്പു സാക്ഷികളാക്കി. പൊലീസ് ഉദ്യോസ്ഥനായ അനീഷ്, വിപിൻ ലാൽ, വിഷ്ണു എന്നിവരെയാണ് മാപ്പു സാക്ഷികളാക്കിയത്. കേസിലെ രണ്ടു പ്രതികളായ അഭിഭാഷകൻ രാജു ജോസഫ്, അഭിഭാഷകൻ പ്രതീഷ് ചാക്കോ എന്നിവരെ ജില്ലാ കോടതി വിട്ടയച്ചിരുന്നു. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വെച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. വിധി കേൾക്കാനായി നടൻ ദിലീപ് രാവിലെ തന്നെ അഭിഭാഷകൻ അഡ്വ.രാമൻപിള്ളയുടെ ഓഫീസിൽ എത്തിയശേഷം അഭിഭാഷകരോടപ്പമാണ് കോടതിയിലെത്തിയത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവരും അഭിഭാഷകര്‍ക്കൊപ്പമാണ് കോടതിയിലെത്തിയത്.