സന്തോഷ് വർക്കി, ഉഷ ഹസീന
ആലപ്പുഴ: സിനിമാ നടിമാർക്കെതിരേ അശ്ലീല പരാമർശം നടത്തിയതിന് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരേ നടി ഉഷ ഹസീന പരാതി നൽകി. സോഷ‍്യൽ മീഡിയയിലൂടെ നടത്തിയ അശ്ലീല പരാമർശത്തിൽ ആലപ്പുഴ ഡിവൈഎസ്പിക്കാണ് നടി പരാതി നൽകിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സന്തോഷ് വർക്കിയുടെ പരാമർശം എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
നാൽപത് വർഷമായി സിനിമാ മേഖലയിൽ പ്രവർത്തിച്ചുവരുന്ന തനിക്ക് സന്തോഷ് വർക്കിയുടെ പരാമർശം മാനസിക വിഷമത്തിന് ഇടയാക്കിയെന്നും പരാതിയിൽ പറയുന്നു.
സ്ത്രീകൾക്കെതിരേ നിരന്തരം അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നാണ് നടിയുടെ പരാതിയിൽ ഉന്നയിക്കുന്നത്.