പി.പി. ദിവ്യ 
Kerala

എഡിഎമ്മിന്‍റെ മരണം: പി.പി. ദിവ്യക്കെതിരേ കേസ്

എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരേ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചിരുന്നു

Local Desk

കണ്ണൂർ: അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരേ കേസെടുത്തു. ദിവ്യക്കു മേൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താൻ സാധിക്കുമോ എന്നറിയുന്നതിനാണ് പൊലീസ് നിയമോപദേശം തേടിയത്. ഇതിന് അനുകൂലമായി ഉപദേശം ലഭിച്ചതിനെത്തുടർന്നാണ് പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.

കണ്ണൂരിൽനിന്ന് സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകേണ്ട ദിവസമാണ് നവീൻ ബാബു താമസ സ്ഥലത്ത് തൂങ്ങിമരിച്ചത്. യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കാതെ എത്തിയ ദിവ്യ നടത്തിയ പരാമർശങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് ആരോപണം. ഒരു പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട ഫയൽ നവീൻ ബാബു ആറു മാസമായി തടഞ്ഞു വച്ചിരുന്നു എന്നും, ഇപ്പോൾ എങ്ങനെയാണ് എൻഒസി നൽകിയതെന്നു തനിക്കറിയാം എന്നുമാണ് ദിവ്യ പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ രണ്ടു ദിവസത്തിനകം വെളിപ്പെടുത്തുമെന്നും സിപിഎം നേതാവ് കൂടിയായ ദിവ്യ ചടങ്ങിൽ പറഞ്ഞിരുന്നു.

തുടർന്ന് ചടങ്ങ് പൂർത്തിയാക്കാൻ നിൽക്കാതെ ദിവ്യ മടങ്ങിപ്പോയി. പത്തനംതിട്ടയ്ക്കു പോകാൻ ചെങ്ങന്നൂരിലേക്കുള്ള ട്രെയിനിൽ നവീൻ ബാബു കയറിയിട്ടില്ലെന്നറിഞ്ഞ് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.

ഈ സാഹചര്യത്തിൽ, ദിവ്യയുടെ പരാമർശമാണ് ആത്മഹത്യക്കു കാരണം എന്ന നിലയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; 5 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐജിയായി സ്ഥാനക്കയറ്റം

മികച്ച നടൻ മമ്മൂട്ടി, മികച്ച നടി കല്യാണി, സർവം മായ മികച്ച ചിത്രം; കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരങ്ങൾ‌ പ്രഖ്യാപിച്ചു

ജപ്പാനിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി

ഇ - ബസ് തർക്കം; ഗതാഗത മന്ത്രിയും മേയറും തുറന്ന പോരിലേക്ക്

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു