അടൂർ പ്രകാശ്
തിരുവനന്തപുരം: സിപിഐയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പിഎം ശ്രീ വിഷയത്തിൽ സിപിഐ സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് അടൂർ പ്രകാശിന്‍റെ ക്ഷണം. മുൻപ് യുഡിഎഫുമായി സഹകരിച്ചിരുന്ന പാർട്ടിയാണ് സിപിഐ. അടുത്ത തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടാമെന്നും അടൂർ പ്രകാശ് പറഞ്ഞു.
സിപിഐയിൽ വിള്ളലുണ്ടായിട്ടുണ്ട്. സിപിഐ യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോവണമെന്നാണ് തന്‍റെ അഭിപ്രായം. സി. അച്യുതമേനോൻ കേരളത്തിൽ മുഖ്യമന്ത്രിയാവുന്നത് യുഡിഎഫുമായി സഹകരിച്ച് നിന്നപ്പോഴാണ്. സിപിഐ യുഡിഎഫുമായി സഹകരിച്ച് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടമെന്നാണ് തന്‍റെ ആഗ്രഹമെന്നും അടൂർ പ്രകാശ് പറഞ്ഞു.
മുന്നണി പ്രവേശന ചർച്ച ബിനോയ് വിശ്വവുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നും മറ്റു പലരുമായും സംസാരിച്ചിട്ടുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. ആർജെഡിയെയും പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പാർട്ടിയിലേക്ക് ആളുകളെത്തും. അവരെ സ്വീകരിക്കാൻ മഹാസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.