അടൂർ പ്രകാശ്
ന‍്യൂഡൽഹി: കോടതി വെറുതെ വിട്ടിട്ടും സിവിൽ സപ്ലൈസ് അഴമതി കേസിൽ സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സർക്കാർ രാഷ്ട്രീയ ലക്ഷ‍്യത്തോടെയാണ് കേസിൽ ഇടപെടുന്നതെന്നും തെരഞ്ഞെടുപ്പ് വരുമ്പോൾ സർക്കാർ കേസ് കുത്തിപ്പൊക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചട്ടങ്ങൾ പാലിക്കാതെയാണ് കേസിൽ സർക്കാർ അപ്പീൽ നൽകിയതെന്നും 475 ദിവസത്തിനു ശേഷം അപ്പീൽ നൽകിയത് എങ്ങനെയാണെന്നും അടൂർ പ്രകാശ് ചോദിച്ചു. സംസ്ഥാന സർക്കാർ വൈകി നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചതിനെതിരേ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് അടൂർ പ്രകാശ്.
2005ൽ നടപടികൾ ആരംഭിച്ച കേസിൽ 15 വർഷങ്ങൾക്ക് ശേഷം അടൂർ പ്രകാശിനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. പരാതിയിൽ കഴമ്പിലെന്ന് പറഞ്ഞായിരുന്നു വിജിലൻസ് കോടതിയുടെ നടപടി. അടൂർ പ്രകാശിനെ കൂടാതെ കേസിൽ ഉൾപ്പെട്ടവരെയും കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നൽ വിധി കഴിഞ്ഞ് 475 ദിവസങ്ങൾ കഴിഞ്ഞ ശേഷമാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.