എയർ ലിഫ്റ്റിങ്ങിനു പണം: രാഷ്ട്രീയ പോര് മുറുകി 
Kerala

എയർ ലിഫ്റ്റിങ്ങിനു പണം: രാഷ്ട്രീയ പോര് മുറുകി

കേന്ദ്രത്തിന് പകപോക്കലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും; സാധാരണ നടപടിയെന്ന് ബിജെപി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദുരന്ത മേഖലകളിലെ എയർലിഫ്റ്റിങ് രക്ഷാപ്രവർത്തനത്തിന് പണം ആവശ്യപ്പെട്ട കേന്ദ്ര സർക്കാർ നടപടി‍യെ ചൊല്ലി രാഷ്‌ട്രീയ പോര് മുറുകുന്നു. കേന്ദ്ര സർക്കാരിനെതിരേയുള്ള രൂക്ഷ വിമർശനം ഭരണ-പ്രതിപക്ഷ നേതാക്കൾ തുടരുമ്പോൾ കേന്ദ്രത്തിന്‍റേത് സാധാരണ നടപടി മാത്രമാണെന്ന് വിശദീകരിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി.

കേന്ദ്ര സർക്കാർകേരളത്തോട് പകപോക്കൽ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് പറഞ്ഞു. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേന്ദ്രം സഹായം നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിത്. കേരളവും രാജ്യത്തിന്‍റെ ഭാഗമാണ്. നീതി നിഷേധിക്കാൻ പാടില്ലെന്നും കേന്ദ്രത്തിനെതിരേ കടുത്ത പ്രതിഷേധം ഉയർന്ന് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിത രക്ഷാ പ്രവർത്തനത്തിന് കേന്ദ്രം പണം ആവശ്യപ്പെട്ടത് ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ മാധ്യമങ്ങളോട് പറഞ്ഞു. പണം നൽകാൻ സംസ്ഥാനത്തിന് കഴിയാത്ത സാഹചര്യം കേന്ദ്രത്തെ അറിയിക്കും. കേന്ദ്രസർക്കാരിന്‍റെ നടപടി നീതീകരിക്കാൻ ആകാത്തതെന്നും കെ. രാജൻ പറഞ്ഞു. വെള്ളിയാഴ്ച ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ കേന്ദ്രം സഹായത്തിന്‍റെ പണം ആവശ്യപ്പെട്ട വിവരം അറിയിക്കാനാണ് തീരുമാനം.വകുപ്പുകൾ തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്‍റാണ് ഇപ്പോഴത്തെ നടപടി എന്നതാണ് ചിലരുടെ വാദം. അങ്ങനെ ഡിപ്പാർട്ട്‌മെന്‍റുകൾ തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്‍റ് ആണെങ്കിൽ അത് നടത്താൻ പറ്റിയിടണം ഡൽഹിയാണെന്നും സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കരുതെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയതിനുള്ള പണത്തിന് പുറമേ പ്രധാനമന്ത്രി വയനാട്ടിൽ സന്ദർശനത്തിന് വന്നതിന്‍റെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോയെന്ന് മന്ത്രി പി.രാജീവ് ചോദിച്ചു.

അതേസമയം, ഹെലികോപ്റ്റർ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നായിരുന്നു മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ വിശദീകരണം. എല്ലാ സംസ്ഥാനങ്ങളോടും തുക ആവശ്യപ്പെടാറുണ്ടെന്നും ഹെലികോപ്റ്റർ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു.

പിണറായി വിജയൻ സർക്കാർ ഇത് വിവാദമാക്കുന്നതെന്തിനാണെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. പണംകേരളം അടയ്ക്കേണ്ടി വരില്ലെന്നും പ്രതിരോധ വകുപ്പിന്‍റെ സാധാരണ നടപടിക്രമത്തിന്‍റെ ഭാഗമായാണ് കത്ത് നൽകിയതെന്നും കഴിഞ്ഞ ദിവസം മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും പറഞ്ഞിരുന്നു.

പ്രളയ കാലം മുതൽ വയനാട് ദുരന്ത സമയം വരെയുള്ള എയർലിഫ്റ്റിങ് പ്രവർത്തനങ്ങൾക്കായി 132 കോടി രൂപയാണ് വ്യോമസേന ആവശ്യപ്പെട്ടത്. കേരളം അടയ്ക്കുന്ന തുകതിരികെ നൽകാമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽഇപ്പോൾ തന്നെ ആ തുക കേന്ദ്രത്തിന് നൽകിക്കൂടേ എന്ന ചോദ്യമാണ് സംസ്ഥാന സർക്കാർ ഉന്നയിക്കുന്നത്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍