എഡിജിപി അജിത് കുമാർ
file image
കൊച്ചി: എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രൊസിക്യൂഷൻ അനുമതിയില്ലാതെ കേസെടുത്ത മജിസ്ട്രേറ്റ് കോടതി നടപടിയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി. അന്വേഷണത്തിന് നടപടിക്രമങ്ങൾ പാലിച്ചോ എന്ന് ചോദിച്ച കോടതി വിജിലൻസിൽ നിന്നും റിപ്പോർട്ട് തേടി.
വിജിലൻസ് അന്വേഷണം നടത്തിയത് സീനിയർ ഓഫീസർ ആണോ അതോ ജൂനിയർ ഓഫീസറാണോ എന്നും കോടതി ചോദിച്ചു. ഹൈക്കോടതി ജഡ്ജിക്കെതിരേ ജില്ലാ ജഡ്ജി അന്വേഷണം നടത്തിയാൽ എങ്ങനെയിരിക്കുമെന്ന് കോടതി ആരാഞ്ഞു. നിയമവശങ്ങൾ വിശദമായി പരിശോധിക്കണമെന്ന് പറഞ്ഞ കോടതി ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.
അഴിമതിക്കേസിൽ ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതിക്കെതിരായ ഹർജി അജിത് കുമാർ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചിരുന്നു. വസ്തുതകൾ വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി.