Kerala

അമൽജ്യോതി കോളെജിൽ വീണ്ടും സംഘർഷം; പൊലീസും വിദ്യാർഥികളും നേർക്കുനേർ

മാനേജ്മെന്‍റ് വിളിച്ച ചർച്ചയ്ക്കിടയിൽ ജാതീയമായി അധിക്ഷേപിച്ചെന്ന് വിദ്യാർഥികൾ ആരോപിച്ചു

MV Desk

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ എൻജിനീയറിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ നടപടി ആവശ്യപ്പെട്ട് കോളെജിന് മുന്നിൽ പ്രതിഷേധിച്ച വിദ്യാര്‍ഥികളും പൊലീസും തമ്മിൽ സംഘർഷം. കോളെജിനുള്ളിൽ പൊലീസും വിദ്യാർഥികളും ഉന്തും തള്ളും ഉണ്ടായി. ഇതോടെ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളെജിനു മുന്നിലെ വിദ്യാർഥി സമരം തുടരും എന്ന ഘട്ടത്തിലെത്തി.

മാനേജ്മെന്‍റ വിളിച്ച ചർച്ചയ്ക്കിടയിൽ ജാതീയമായി അധിക്ഷേപിച്ചെന്ന് വിദ്യാർഥികൾ ആരോപിച്ചു. നാലാം സെമസ്റ്റര്‍ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിനി ശ്രദ്ധ സതീഷ് കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ കോളെജിനെതിരെ ആരോപണവുമായി ശ്രദ്ധയുടെ കുടുംബവും രംഗത്ത് വന്നിരുന്നു.

ഇതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച വിദ്യാർഥികളോട് മാനേജ്മെന്‍റ് പ്രതിനിധി അസഭ്യം പറഞ്ഞതും സംഘർഷത്തിനിടയാക്കി. മാധ്യമങ്ങളെ ക്യാമ്പസിനുള്ളിലേക്ക് പ്രവേശിപ്പിച്ചില്ല. പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ചതിനേക്കുറിച്ച് പൊലീസ് പ്രതികരിച്ചുമില്ല.

കേസ് ഒതുക്കി തീർക്കാൻ മാനേജ്മെന്‍റ് ശ്രമിക്കുന്നു എന്നാണ് വിദ്യാർഥികളുടെ പ്രധാന പരാതി. ആരോപണവിധേയരായ മാനേജ്മെന്‍റ് സ്റ്റാഫിനെ പുറത്ത് നിർത്താതെ സമരം അവസാനിപ്പിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് വിദ്യാർഥികൾ.

തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കോളെജ് അധികൃതര്‍ പിടിച്ചുവച്ചെന്ന് ഉള്‍പ്പെടെയാണ് വീട്ടുകാര്‍ പരാതിപ്പെടുന്നത്. കോളെജിന്‍റെ ലാബില്‍ വച്ച് ശ്രദ്ധ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന് പറഞ്ഞാണ് കോളെജ് അധികൃതര്‍ വിദ്യാര്‍ഥിനിയെ ശകാരിച്ചിരുന്നതെന്നും പരാതിയുണ്ട്. 2 ദിവസം കോളെജ് അധികൃതര്‍ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചു. ഫോണ്‍ തിരികെ കിട്ടണമെങ്കില്‍ എറണാകുളത്തുനിന്നും മാതാപിതാക്കള്‍ നേരിട്ട് കോളെജിലെത്തണമെന്നും വിദ്യാര്‍ഥിനിയോട് അധികൃതര്‍ പറഞ്ഞിരുന്നു.

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ