ഉണ്ണി മുകുന്ദൻ
കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ മുൻ മാനേജറെ തല്ലിയെന്ന പരാതിയിൽ ഇടപെട്ട് അമ്മയും ഫെഫ്കയും. ഇരുവരും തമ്മിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കും. ഉണ്ണി മുകന്ദൻ മാനേജറുടെ കരണത്തടിച്ചെന്നും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. മർദനത്തിനൊപ്പം ഉണ്ണി മുകുന്ദൻ അസഭ്യം പറഞ്ഞതായും വിപിൻ നൽകിയ പരാതിയുണ്ട്.
അതേസമയം, വിപിൻ കുമാറിന്‍റെ കണ്ണട താൻ ഊരിമാറ്റി പൊട്ടിച്ചുവെന്നത് സത്യമാണെന്നും എന്നാൽ, ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്നുമാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. വിപിന്‍റെ ഭാഗം കേൾക്കുന്നതിനൊപ്പം ഉണ്ണിയിൽ നിന്നും അമ്മയും ഫെഫ്കയും വിശദീകരണം തേടും.
കഴിഞ്ഞ ദിവസമാണ് മുൻ മാനേജറെ മർദിച്ചതിനു നടൻ ഉണ്ണി മുകുന്ദനെതിരേ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചുവെന്നാണ് വിപിൻ കുമാറിന്‍റെ പരാതിയിലുള്ളത്. മാർക്കോ എന്ന സിനിമയ്ക്ക് ശേഷം വന്ന 'ഗെറ്റ് സെറ്റ് ബേബി' വൻ പരാജയമായി മാറിയെന്നും അന്നുമുതൽ ഉണ്ണി മുകുന്ദൻ മാനസികമായി വലിയ നിരാശയിലാണെന്നും വിപിൻ പരാതിയിൽ പറഞ്ഞിരുന്നു.
ഇതിനിടെ, ഉണ്ണി ഫോണിൽ വിളിച്ച് നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. പുറത്ത് എവിടെയെങ്കിലും വച്ച് കാണാമെന്ന് പറഞ്ഞെങ്കിലും ഉണ്ണി ഇത് സമ്മതിച്ചില്ല. പിന്നീട് കഴിഞ്ഞ ദിവസം രാവിലെ താൻ താമസിക്കുന്ന കാക്കനാട്ടെ ഫ്ലാറ്റിൽ എത്തി, ഫ്ലാറ്റിലെ ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. തന്‍റെ വിലകൂടിയ കൂളിങ് ഗ്ലാസ് നിലത്തെറിഞ്ഞ് പൊട്ടിച്ചെന്നും വിപിന്‍ പരാതിയിൽ പറയുന്നു.