കൊച്ചി: അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടയുടെ ആവശ്യം തള്ളി താര സംഘടന അമ്മ. സമര തീരുമാനം അംഗീകരിക്കാനാവില്ല, ചലച്ചിത്ര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മിക്കുന്നതുമായ വിഷയത്തിൽ ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു.
പ്രതിഫല വിഷയത്തിൽ സമവായ ചർച്ചയ്ക്ക് തയാറാണെന്ന് അമ്മ സംഘടന വ്യക്തമാക്കി. മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു പിള്ള, ബേസില്‍ ജോസഫ്, അന്‍സിബ, ടൊവിനോ തോമസ്, സായ് കുമാര്‍, വിജയരാഘവന്‍ തുടങ്ങിയ താരങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെ അമ്മയുടെ ഓഫീസിലെത്തിയിരുന്നു. പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയം വലിയ ചർച്ചയായ സാഹചര്യത്തിലാണ് അടിയന്തര യോഗം.
അതേസമയം, തിങ്കളാഴ്ച ഉച്ചക്ക് ശേഷം നിര്‍മാതാക്കളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരും. അമ്മ യോഗത്തിലെ തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍ സംഘടനയുടെ തീരുമാനം എന്താണെന്നത് നിർണായകമാവും.
എതിർത്തും അനുകൂലിച്ചും വിവിധ സിനിമാ സംഘടനകൾ രംഗത്ത് എത്തിയതോടെ സമരപ്രഖ്യാപനം വിവാദമായിരുന്നു. എന്നാല്‍, യോഗത്തില്‍ പങ്കെടുക്കുന്നതിനായി ആന്റണി പെരുമ്പാവൂര്‍ എത്തില്ലായെന്നാണ് വിവരം. നിര്‍മാതാവ് സുരേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുക്കും.