ഷൈൻ ടോം ചാക്കോ | വിൻസി അലോഷ‍്യസ്
കൊച്ചി: നടി വിന്‍സിയുടെ വെളിപ്പെടുത്തലിനു പിന്നാലെ നടൻ ഷൈൻ ടോം ചാക്കോയെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്നു പുറത്താക്കാന്‍ ആലോചനകൾ നടക്കുന്നതായി വിവരം.
ഇതിനായി സംഘടനയുടെ അഡ്‍ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍ കൂടിയാലോചന നടത്തിയെന്നും, തീരുമാനും ഉടൻ ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചന നൽകുന്നത്.
ഷൂട്ടിങ് സെറ്റിൽ വച്ച് ലഹരി മരുന്ന് ഉപയോഗിച്ച ശേഷം അപമര്യാദയായി പെരുമാറിയെന്ന് ഷൈനിനെതിരേ വിൻസി ഫിലിം ചേംബറിനു പരാതി നൽകിയിട്ടുണ്ട്. ഇതു പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും.
ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ
ലഹരിക്കെതിരേ പൊലീസ് നടത്തുന്ന ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. ബുധനാഴ്ച (April 16) രാത്രി 11 മണിയോടെയാണ് സംഭവം.
പരിശോധന നടത്തുന്നതിനിടെ എറണാകുളം നോർത്തിലെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങിയോടിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കൊച്ചി പൊലീസ് സംഘം ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയത്. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ ഹോട്ടലിന്‍റെ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഏണിപ്പടി വഴി ഇറങ്ങി ഓടുകയായിരുന്നു. ഷൈനിന് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വിൻസിയുടെ പരാതി
കഴിഞ്ഞ ദിവസമായിരുന്നു ലഹരി ഉപയോഗിച്ച ശേഷം ഒരു പ്രധാന നടൻ മോശമായി പെരുമാറിയെന്ന കാര‍്യം വിൻസി സമൂഹമാധ‍്യമത്തിലൂടെ വെളിപ്പെടുത്തിയത്. സിനിമ സൈറ്റിൽവച്ച് പ്രധാന നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്നായിരുന്നു വിൻസി വെളിപ്പെടുത്തൽ.
അവരെപ്പോലുള്ളവർക്ക് ഇപ്പോഴും സിനിമകളുണ്ടെന്നും അവരെ വച്ച് സിനിമകൾ ചെയ്യാനും ആളുകളുണ്ടെന്നും താരം പറഞ്ഞിരുന്നു. സിനിമ തന്‍റെ ജീവിതത്തിന്‍റെ ഭാഗം മാത്രമാണെന്നും സിനിമയില്ലെങ്കിൽ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയുമുള്ള വ്യക്തിയാണ് താനെന്നും വിൻസി പറഞ്ഞിരുന്നു.
അടുത്തിടെ, ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുള്ളവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് വിന്‍സി പറഞ്ഞ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ താരം വളരെയധികം സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതോടെയാണ് തന്‍റെ ഈ തീരുമാനത്തിന്‍റെ കാരണം വ്യക്തമാക്കിക്കൊണ്ട് വിൻസി രംഗത്തെത്തിയത്.