file image
കണ്ണൂർ: പി.വി. അൻവറെന്ന രാഷ്ട്രീയക്കാരനെ വേണ്ടെന്ന് കോൺഗ്രസ് പറയില്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ. ജനപിന്തുണയുളള നേതാവാണ് അൻവറെന്നും സുധാകരൻ പറഞ്ഞു.
അൻവറിന് വലിയ പ്രാധാന്യം തെരഞ്ഞെടുപ്പിലുണ്ടായിരുന്നു. അൻവർ നയപരമായ രാഷ്ട്രീയ സമീപനം സ്വീകരിച്ച് സിപിഎമ്മിൽ നിന്ന് വന്ന ആളാണ്. കോൺഗ്രസിലേക്ക് അദ്ദേഹം വരണമെന്നായിരുന്നു താൻ ആഗ്രഹിച്ചത്. വരാമെന്ന് അദ്ദേഹം ഏറ്റതുമാണെന്ന് സുധാകരൻ.
ചില സാങ്കേതികമായ പ്രശ്നങ്ങളാലാണ് അൻവറിന്‍റെ കോൺഗ്രസ് പ്രവേശനം നടക്കാതെ പോയതെന്നാണ് സുധാകരൻ പറയുന്നത്. കോൺഗ്രസിലേക്ക് വരാൻ അദ്ദേഹം തയാറാണെങ്കിൽ പാർട്ടി അതു പരിശോധിക്കുകയും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.