തൃശ്ശൂർ: അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ വീണ്ടും മയക്കുവെടിവച്ചു. രക്ഷാദൗത്യത്തിന്‍റെ മൂന്നാം ദിവസമാണ് ആനയെ ഫലപ്രദമായി മയക്കുവെടിവക്കാനായത്. 4 റൗണ്ട് മയക്കുവെടിയാണ് വച്ചത്.
കഴിഞ്ഞ ദിവസം കാട്ടാനയെ മയക്കുവെടിവച്ചെങ്കിലും ഉച്ചയോടെ ദൗത്യ സംഘത്തിന്‍റെ വരുതിയില്‍ നിന്നും കുതറിമാറി കാട്ടിലേക്ക് കടന്നുകളഞ്ഞിരുന്നു. പിന്നീട് കണ്ടെത്താനുമായില്ല. പിന്നീട് വീണ്ടും വ്യാഴാഴ്ച 6 സംഘങ്ങളിലായി തിരിഞ്ഞ് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ വിവിധ ബ്ലോക്കുകളിലും ഉള്‍വനത്തിലും പരിശോധന നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. വെള്ളിയാഴ്ച രാവിലെ വീണ്ടും ഡോ. അരുണ്‍ സഖറിയുടെ നേതൃത്വത്തില്‍ ദൗത്യം ആരംഭിച്ചപ്പോഴാണ് ആനയെ കണ്ടെത്താനായത്.
ഇപ്പോൾ കാട്ടാന വനംവകുപ്പിന്‍റെ നിയന്ത്രണത്തിലാണ്. കാട്ടാനയ്ക്ക് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയുടെ നേതൃത്വത്തില്‍ ചികിത്സ തുടങ്ങിയതായാണ് റിപ്പോർട്ട്.
വെറ്റിലപ്പാറയ്ക്ക് സമീപമുള്ള റബര്‍ തോട്ടത്തിലാണ് നിലവിൽ കാട്ടാനയുള്ളത്. കഴിഞ്ഞ ദിവസം കാടുകയറിയ പരുക്കേറ്റ നിലയില്‍ കാട്ടാനയെ കണ്ടെത്തിയ 14-ാം ബ്ലോക്കില്‍ തന്നെ വീണ്ടും തിരിച്ചെത്തിയതോടെയാണ് ദൗത്യസംഘത്തിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്.
3 കൊമ്പൻമാരും 1 പിടിയാന്ക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. പിന്നീട് കൂട്ടം മാറിയ വേളയിൽ ആനയെ മയക്കുവെടിവയ്ക്കുകയായിരുന്നു. മയക്കുവെടി വെയ്ക്കാനുള്ള ശ്രമത്തിനിടയിൽ ദൗത്യ സംഘത്തിന് നേരെ കാട്ടാന പാഞ്ഞടുത്തിരുന്നു. എന്നാൽ ഭാഗ്യവശാൽ മറ്റു അത്യാഹിതങ്ങള്‍ ഒന്നും സംഭവിച്ചില്ല.