സ്വന്തം ലേഖകൻ
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരെ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ തസ്തികയിലേക്ക് (എഎംവിഐ) ബൈ-ട്രാന്‍സ്ഫര്‍ നിയമനം നടത്തുന്നത് അട്ടിമറിക്കാൻ ശ്രമം. ഇതു സംബന്ധിച്ച് ഇടത് യൂണിയൻ നേതാക്കൾ വ്യാജപ്രചാരണം നടത്തുന്നുവെന്നും ജീവനക്കാർക്കു പരാതി. ജീവനക്കാരുടെ ന്യായമായ അവകാശമായ ബൈ-ട്രാന്‍സ്ഫര്‍ ഉദ്യോഗക്കയറ്റം തടയാനുള്ള ശ്രമമാണെന്ന് ആരോപണം.
അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ തസ്തികയിലേക്കുള്ള ബൈ-ട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രത്യേക ചട്ടങ്ങള്‍ അനുസരിച്ചാണ് വര്‍ഷങ്ങളായി നടപ്പാക്കിവരുന്നതെന്നാണു ജീവനക്കാർ പറയുന്നത്. എന്നാൽ, ഇതിനെതിരേ തെറ്റിദ്ധരണാജനകമായ പ്രചാരണം അഴിച്ചുവിട്ട് മോട്ടോര്‍ വാഹന വകുപ്പിന്‍റെ സുതാര്യവും നിയമാനുസൃതവുമായ നിയമന നടപടികളെ സംശയത്തിന്‍റെ നിഴലില്‍ ആക്കുന്നതാണെന്നാണ് ജീവനക്കാർ പറയുന്നത്.
കേരള ട്രാന്‍സ്‌പോര്‍ട്ട് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സ്, 2008 പ്രകാരം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അനുസരിച്ച് എഎംവിഐ തസ്തികയിലേക്കുള്ള നിയമനം നേരിട്ടുള്ള നിയമനത്തിലൂടെയും ബൈ-ട്രാന്‍സ്ഫര്‍ നിയമനത്തിലൂടെയും നടത്തേണ്ടതാണെന്ന് വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ചട്ടപ്രകാരം ബൈ-ട്രാന്‍സ്ഫര്‍ നിയമനവും നേരിട്ടുള്ള നിയമനവും 1:4 എന്ന അനുപാതത്തിലാണ് നടത്തേണ്ടത്. അതായത്, നേരിട്ടുള്ള 100 നിയമനങ്ങള്‍ക്ക് 25 ബൈ-ട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ അനുവദിക്കപ്പെട്ടിരിക്കുന്നു.
ബൈ-ട്രാന്‍സ്ഫര്‍ നിയമനത്തിന് അര്‍ഹത നേടുന്നതിന് ഉദ്യോഗാർഥികള്‍ക്ക് എസ്എസ്എല്‍സി, ഓട്ടോമൊബൈല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ ഡിപ്ലോമ, നിർദിഷ്ട പ്രവൃത്തി പരിചയം, ഡ്രൈവിങ് ലൈസന്‍സ് (മോട്ടോര്‍ സൈക്കിള്‍, എല്‍എംവി, ഹെവി), ശാരീരിക യോഗ്യത, കാഴ്ച പരിശോധനാ മാനദണ്ഡങ്ങള്‍, അക്കൗണ്ട് ടെസ്റ്റ് (ലോവര്‍), മോട്ടോര്‍ വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്‍റല്‍ ടെസ്റ്റുകള്‍, കൂടാതെ മോട്ടോര്‍ വാഹന വകുപ്പിലെ മിനിസ്റ്റീരിയല്‍ സര്‍വീസില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ സേവനപരിചയം എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
ഇതേ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്കനുസൃതമായി പുതുക്കുകയും സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പത്ത് മാസത്തെ നിര്‍ബന്ധിത പരിശീലനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനാല്‍, ബൈ-ട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ യാതൊരു രഹസ്യ സംവിധാനത്തിലൂടെയോ പ്രത്യേക പരിഗണനയിലൂടെയോ നടത്തപ്പെടുന്നില്ല.
നിയമപരമായി നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെയും പ്രത്യേക ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍, സുതാര്യവും യോഗ്യതാ അധിഷ്ടിതവുമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് നിയമനങ്ങള്‍ നടത്തിവരുന്നത്. കൂടാതെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ചരിത്രത്തില്‍ ബൈ-ട്രാന്‍സ്ഫര്‍ ക്വാട്ട പ്രകാരം നിയമിക്കപ്പെടേണ്ട ഉദ്യോഗസ്ഥരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍, അനുവദനീയമായ അവസരങ്ങളുടെ പൂര്‍ണ പ്രയോജനം പോലും ലഭ്യമായിട്ടില്ല എന്നും ജീവനക്കാർ പറയുന്നു.
അന്‍പതോളം ഒഴിവുകള്‍ നികത്താതെ കിടക്കുന്നുണ്ട്. അതിനാല്‍ ബൈ-ട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ അനിയന്ത്രിതമായി അല്ലെങ്കില്‍ അമിതമായി പിന്‍വാതിലില്‍ കൂടി നടക്കുന്നു എന്ന വ്യാജപ്രചാരണമാണ് നടത്തുന്നത്. ഭരണം നഷ്ടപ്പെട്ട ചിലയൂണിയൻ അനുഭാവികളുടെ രോഷപ്രകടനമാണിതെന്നും, വാഹന വകുപ്പിന്‍റെ പ്രതിച്ഛായയ്ക്ക് ദോഷം വരുത്താനുള്ള ശ്രമമാണെന്നും ജീവനക്കാർ ആരോപിക്കുന്നു.