അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച പ്രതികൾക്ക് ജാമ്യം

 

file image

Kerala

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച പ്രതികൾക്ക് ജാമ്യം

പരുക്കേറ്റ യുവാവ് ഇപ്പോഴും ആശുപത്രി ചികിത്സയിൽ

Ardra Gopakumar

പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ അർധ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ച കേസിൽ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം. പ്രതികളായ റെജിൻ മാത്യു, വിഷ്ണു എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ പരാതിക്കാരനായ സിജുവുമായോ സാക്ഷികളുമായോ ഒരു തരത്തിലും ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി നിർദേശിച്ചു. മണ്ണാർക്കാട് എസ്‌സി/എസ്ടി കോടതിയുടേതാണ് നടപടി.

മേയ് 24-നായിരുന്നു ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജുവിനെ പ്രതികൾ വാഹനത്തിന് മാർഗതടസമുണ്ടാക്കി എന്ന് ആരോപിച്ച് ആക്രമിക്കുന്നത്. ആക്രമണം ചെറുത്തതോടെ പ്രതികൾ കെട്ടിയിട്ട് മർദിച്ചു എന്നായിരുന്നു സിജുവിന്‍റെ പരാതി. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ സിജു ഇപ്പോഴും കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ സിജുവിന്‍റെ കുടുംബം രംഗത്തെത്തിയതോടെ, അഗളി പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാൽ സിജുവിനെ മർദിച്ചിട്ടില്ല എന്നും സിജു വാഹനത്തിന്‍റെ ചില്ല് കല്ലെറിഞ്ഞ് തകർത്തതോടെ കെട്ടിയിടുക മാത്രമാണ് ചെയ്തത് എന്നുമായിരുന്നു പ്രതികൾ പൊലീസിന് നൽകിയ മൊഴി. കോയമ്പത്തൂരിൽ നിന്നും പിടിയിലായ പ്രതികൾക്കെതിരേ എസ് സി/എസ് ടി വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്