തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ശ്രീതുവിനെതിരേ കേസെടുക്കാനൊരുങ്ങി പൊലീസ്. രണ്ട് വയസുകാരി ദേവേന്ദുവിന്‍റെ കൊലപാതകത്തിന് പിന്നാലെ അമ്മ ശ്രീതുവിനെതിരേ സാമ്പത്തിക തട്ടിപ്പ് പരാതി ഉയർന്ന സാഹചര‍്യത്തിലാണ് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്. നിലവിൽ ശ്രീതുവിനെതിരേ മൂന്ന് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ദേവസ്വം ബോർഡിലെ ഉന്നത ഉദ‍്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. എന്നാൽ ശ്രീതു ദേവസ്വം ബോർഡിൽ കരാർ അടിസ്ഥാനത്തിൽ പോലും ജോലി ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ‍്യം ചെയ്യും. മാനസികാരോഗ‍്യ വിദഗ്ധന്‍റെ സാന്നിധ‍്യത്തിൽ ചോദ‍്യം ചെയ്യാനാണ് പൊലീസിന്‍റെ തിരുമാനം.