ബണ്ടി ചോർ കസ്റ്റഡിയിൽ
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കസ്റ്റഡിയിൽ. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ബണ്ടിചോറിനെ എറണാകുളം സൗത്ത് റെയിൽവേ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. സംശയാസ്പദമായ സാഹചര്യത്തിൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്നാണ് വിവരം.
ഞായറാഴ്ച രാത്രിയാണ് വണ്ടിച്ചോറിനെ പൊലീസ് പിടികൂടിയത്
ഇയാൾ മുൻപ് കേരളത്തിൽ വലിയ മോഷണം നടത്തുകയും ഇതിന് ശേഷം പിടിയിലാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത ആളാണ്. അതുകൊണ്ടാണ് ഇയാളുടെ സാന്നിധ്യം പൊലീസിനെ സംശയത്തിലാക്കിയിരിക്കുന്നത്. ഹൈക്കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് ഹാജരാകാനാണ് താൻ കേരളത്തിൽ വന്നതെന്നാണ് ബണ്ടി ചോർ പൊലീസിന് നൽകിയിരിക്കുന്ന വിശദീകരണം. എന്നാൽ ഈ കേസ് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല
പൊലീസ് നിലവിൽ ഈ കാര്യങ്ങൾ പരിശോധിച്ചുവരുകയാണ്. നിലവിൽ കേരളത്തിൽ ബണ്ടി ചോറിനെതിരേ കേസുകളെന്നു തന്നെയില്ല. ബണ്ടി ചോറിന്‍റെ കൈയിലുണ്ടായിരുന്ന ബാഗിൽ വസ്ത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോഷണത്തിന് ഉപയോഗിക്കുന്ന യാതൊന്നും ഇയാളുടെ കൈവശമില്ലായിരുന്നു.
എന്താണ് ഇയാളുടെ ലക്ഷ്യമെന്നാണ് പൊലീസ് പരിശോധിച്ച് വരുന്നത്. കുറച്ച് നാൾ മുൻപ് ഇയാളെ ആലപ്പുഴയിൽ കണ്ടതായി സൂചന ലഭിച്ചിരുന്നുവെങ്കിലും പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്താനായില്ല.