രാവിലെ പത്തു മണിക്കു മുൻപ് ബാറുകൾ തുറന്നാൽ കർക്കശ നടപടി.

 
Kerala

ബാറുകൾ നേരത്തെ തുറന്നാൽ ലൈസൻസ് മരവിപ്പിക്കും

ചില ബാറുകൾ പുലർച്ചെ തന്നെ തുറന്ന് പ്രവർത്തിക്കുന്നുവെന്ന പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്

Thiruvananthapuram Bureau

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയത്തിൽ കർശന നിയന്ത്രണവുമായി എക്‌സൈസ് വകുപ്പ്. സർക്കാർ നിശ്ചയിച്ച സമയക്രമം ലംഘിച്ച് രാവിലെ 10 മണിക്ക് മുമ്പ് പ്രവർത്തനം ആരംഭിക്കുന്ന ബാറുകൾക്കെതിരെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്‌സൈസ് കമ്മിഷണർ സാംബശിവ റാവു ഡെപ്യൂട്ടി കമ്മീഷണർക്ക് നിർദേശം നൽകി.

രാവിലെ 10 മുതൽ രാത്രി 12 വരെ മാത്രമാണ് ബാറുകൾ പ്രവർത്തിക്കാൻ അനുമതിയുള്ളത്. എന്നാൽ, ചില ബാറുകൾ പുലർച്ചെ തന്നെ തുറന്ന് പ്രവർത്തിക്കുന്നുവെന്ന പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കാൻ എക്‌സൈസ് വകുപ്പ് തീരുമാനിച്ചത്.

എക്‌സൈസ് മന്ത്രി എം. ലിജു ബാറുകളുടെ സമയലംഘനം പൊതുവേദിയിൽ വിമർശിച്ചതിന് പിന്നാലെയാണ് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർമാർക്ക് കർശന നിർദേശങ്ങൾ നൽകിയത്.

ഇനി റേഞ്ച് ഓഫീസർമാരുടെ പരിശോധനയിൽ മാത്രം ഒതുങ്ങാതെ, ഡെപ്യൂട്ടി കമ്മിഷണർമാരും ഇടയ്ക്കിടെ നേരിട്ടെത്തി ബാറുകളുടെ പ്രവർത്തനസമയം പരിശോധിക്കണം.സമയക്രമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഉടൻ റിപ്പോർട്ട് സമർപ്പിച്ച് നിയമനടപടികൾ സ്വീകരിക്കാനാണ് നിർദേശം.

പരിശോധനയിൽ വീഴ്ച വരുത്തുകയോ നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ മുന്നറിയിപ്പ് നൽകി.

കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നാണ് ബാറുകൾ അനുവദിച്ച സമയത്തിന് മുമ്പ് പ്രവർത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ലഭിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ പ്രത്യേക നിരീക്ഷണം ശക്തമാക്കാനും ജില്ലാ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നൽകിയ സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

എം.എ. യൂസഫലി യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിൽ വൈസ് ചെയർമാൻ

ഡിജിറ്റൽ ഭരണ പരിഷ്കാരങ്ങൾക്ക് സംസ്ഥാന സർക്കാർ

ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേട്; പിഎസ്‌സി ഉദ‍്യോഗസ്ഥരെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തു

'സംഘടനയ്ക്ക് ചേരുന്ന രീതിയല്ല'; ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ചതിൽ വിമർശനവുമായി ഡിവൈഎഫ്ഐ

കൽക്കരി കുംഭകോണ കേസ്: മൻമോഹൻ സിങ്ങിന് സുപ്രീം കോടതിയുടെ ക്ലിൻ ചിറ്റ്