മന്ത്രി വീണ ജോർജ്, ശങ്കു എന്ന തൃജൽ

 

ഫയൽ

Kerala

ആംഗൻവാടികളിൽ ഇനി ബിരിയാണി; ശങ്കുവിന്‍റെ ആഗ്രഹം സാധിച്ച് മന്ത്രിയാന്‍റി

ആംഗൻവാടിയിൽ ഉപ്പുമാവിനു പകരം 'ബിർനാണി' വേണമെന്നാവശ്യപ്പെട്ട കുട്ടിയുടെ വൈറൽ വിഡിയൊയുടെ പശ്ചാത്തലത്തിലാണ് മാറ്റം; മൂന്നു ദിവസം പാലും മുട്ടയും

തിരുവനന്തപുരം: ആംഗൻവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്‍റെ ആഗ്രഹം സാധിച്ചുകൊടുത്ത് ആരോഗ്യ - ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശങ്കു എന്നു വിളിപ്പേരുള്ള തൃജൽ എസ്. സുന്ദറിന്‍റെ വിഡിയൊ വൈറലായതിനു പിന്നാലെ മന്ത്രി അന്നു പറഞ്ഞതു പ്രകാരം ആംഗൻവാടി കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു വനിതാ-ശിശുക്ഷേമ വകുപ്പ് പരിഷ്‌കരിച്ചു.

ആലപ്പുഴ ദേവികുളങ്ങര പഞ്ചായത്തിലെ പ്രയാർ കിണർമുക്കിലെ ഒന്നാം നമ്പർ ആംഗൻവാടിയിലാണ് ശങ്കു പഠിക്കുന്നത്. പ്രയാർ വടക്ക് പുന്നക്കുഴിയിൽ സോമസുന്ദറിന്‍റെയും അശ്വതിയുടെയും മകനാണ്. ''ആംഗൻവാടീൽ ബിർനാണീം പൊരിച്ച കോഴീം വേണം'' എന്ന വൈറല്‍ വിഡിയൊ കണ്ട വീണ അക്കാര്യം പരിഗണിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു.

പഞ്ചസാരയുടെയും ഉപ്പിന്‍റെയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ മെനു പരിഷ്‌കരിച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്തെ ആംഗൻവാടികൾക്കായി ഏകീകൃത ഭക്ഷണ മെനു നടപ്പാക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ മെഴുവേലിയില്‍ നടത്തിയ ആംഗൻവാടി പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് കുട്ടികള്‍ക്കുള്ള പരിഷ്‌കരിച്ച 'മാതൃകാ ഭക്ഷണ മെനു' മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തത്. മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉള്‍പ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്. ആഴ്ചയിൽ 2 ദിവസം നല്‍കിയിരുന്ന പാലും മുട്ടയും 3 ദിവസമാക്കി. ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. ഓരോ വിഭവങ്ങള്‍ തയാറാക്കുന്നതിനുള്ള ചേരുവകളും അവയില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജം, പ്രോട്ടീന്‍ എന്നിവയടങ്ങിയ പോഷകമൂല്യവും ഉള്‍പ്പെടെയുള്ള വിവരങ്ങളും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മെനു ഇങ്ങനെ:

  1. തിങ്കൾ: പ്രാതലിന് പാല്‍, പിടി, കൊഴുക്കട്ട/ഇലയട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയര്‍ കറി, ഇലക്കറി, ഉപ്പേരി, തോരന്‍, പൊതു ഭക്ഷണമായി ധാന്യം, പരിപ്പ് പായസം.

  2. ചൊവ്വ: പ്രാതലിന് ന്യൂട്രി ലഡു, ഉച്ചയ്ക്ക് മുട്ട ബിരിയാണി/മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, പൊതുഭക്ഷണമായി റാഗി അട.

  3. ബുധൻ: പ്രാതലിന് പാല്‍, പിടി, കൊഴുക്കട്ട/ഇലയട, കടല മിഠായി, ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ട് കറി, സോയ ഡ്രൈ ഫ്രൈ, പൊതുഭക്ഷണം ഇഡ്ഡലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി.

  4. വ്യാഴം: രാവിലെ റാഗി, അരിഅട/ഇലയപ്പം, ഉച്ചയ്ക്ക് ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, മുട്ട, ഓംലറ്റ്, പൊതുഭക്ഷണമായി അവല്‍, ശര്‍ക്കര, പഴം മിക്‌സ്.

  5. വെള്ളി: പ്രാതലായി പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണമായി ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണമായി ഗോതമ്പ് നുറുക്ക് പുലാവ്.

  6. ശനി: രാവിലെ ന്യൂട്രി ലഡ്ഡു, ഉച്ചയ്ക്ക് വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതു ഭക്ഷണമായി ധാന്യ പായസം.

''ശങ്കുവും കൂട്ടുകാരും ഹാപ്പി, മന്ത്രി ആന്‍റിക്ക് താങ്ക് യൂ...'' എന്ന സന്ദേശവും ശങ്കുവിനു വേണ്ടി പിന്നാലെ എത്തി.

''കന‍്യാസ്ത്രീകളുടെ ജാമ‍്യം ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ല''; നടപടികൾ ആരംഭിച്ചെന്ന് അമിത് ഷാ

5ാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്; കരുൺ തിരിച്ചെത്തി

ഓണച്ചന്ത ഓഗസ്റ്റ് 25 മുതൽ; 6 ലക്ഷം കുടുംബങ്ങൾക്ക് ഓഗസ്റ്റ് 18 മുതൽ ഓണക്കിറ്റ് വിതരണം

ധർമസ്ഥലയിൽ നിന്നും ലഭിച്ച അസ്ഥികൂടം മനുഷ്യന്‍റേതു തന്നെ; പരിശോധന തുടരുന്നു

800 രൂപയ്ക്ക് മുകളിലുള്ള മദ‍്യം ഇനി ചില്ലുകുപ്പികളിൽ മാത്രം; പ്ലാസ്റ്റിക് കുപ്പികൾക്ക് 20 രൂപ അധികം നൽകണം