തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

 
Kerala

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

അമിത് ഷാ എത്തി നിർദേശം നൽകി

ജിബി സദാശിവൻ

കൊച്ചി: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലൂടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരത്തിലെത്താൻ പദ്ധതി തയാറാക്കി ബിജെപി സംസ്‌ഥാന നേതൃയോഗം. ദേശീയതലത്തിലും പ്രാദേശികതലത്തിലും വാർഡ് തലത്തിലും വിഷയങ്ങൾ തിരിച്ചറിഞ്ഞ് അവ കേരളത്തിന്‍റെ വികസനവുമായി കൂട്ടിച്ചേർത്തുകൊണ്ടുള്ള വികസന അജൻഡ അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു.

ഇങ്ങനെ തയാറാക്കുന്ന വികസന അജൻഡ മുൻനിർത്തിയുള്ള പ്രചാരണമാണു കേരളത്തിൽ വേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശിച്ചു. കേരളം അഭിമുഖീകരിക്കുന്ന വികസന, സാമ്പത്തിക പ്രതിസന്ധികൾക്കും സുരക്ഷാ വീഴ്ചയ്ക്കുമുള്ള പരിഹാരം ദേശീയ ജനാധിപത്യ സഖ്യം നേതൃത്വം നൽകുന്ന ഒരു സർക്കാർ രൂപീകരിക്കുകയെന്നതാണ് എന്ന ചിന്ത ജനങ്ങളിലേക്ക് എത്തിക്കണം. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനായി വിശദമായ റോഡ് മാപ്പും അമിത്ഷാ യോഗത്തിൽ അവതരിപ്പിച്ചു.

വിജയത്തിനു കുറുക്കുവഴികളില്ലെന്നും കഠിനാധ്വാനത്തിലൂടെ അടിത്തട്ടിൽ പ്രവർത്തിച്ചാൽ മാത്രമേ വിജയിക്കാനാകൂ എന്നും അമിത് ഷാ ഓർമ്മിപ്പിച്ചു. അതിനായി 21 ഇന കർമ പദ്ധതിയും അദ്ദേഹം അവതരിപ്പിച്ചു. ഈ മാസം 26 മുതൽ അടുത്ത മാസം രണ്ടു വരെ നടക്കുന്ന മേഖലാ ശില്പശാലകളിൽ വികസന അജൻഡകൾ ചർച്ച ചെയ്യും. സെപ്റ്റംബർ 30ഓടെ വാർഡ് തലത്തിൽ പദ്ധതികൾ രൂപീകരിക്കും. ഒക്റ്റോബർ രണ്ട് സ്വച്ഛ് ഭാരത് ദിനമായി ആചരിക്കാനും തീരുമാനിച്ചു.

വാർഡ് തലത്തിൽ സെപ്റ്റംബർ, ഒക്റ്റോബർ മാസങ്ങളിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്‍റെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ നിരന്തരം നൽകുന്ന റിപ്പോർട്ടുകൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ മാറിമാറി വരുന്ന സംസ്ഥാന സർക്കാരുകൾ തയാറാകുന്നില്ലെന്നു നേതൃയോഗം കുറ്റപ്പെടുത്തി. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം അവരുടെ സ്ലീപ്പിങ് സെല്ലുകൾ മറ്റു പല രൂപത്തിലും പ്രവർത്തിക്കുന്നു. എസ്ഡിപിഐയുടെ ലേബലിലും മറ്റ് ചില സംഘടനകളുടെ പേരിലും ഭീകര പ്രവർത്തനങ്ങൾ നടക്കുന്നു. കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

നിയമാനുസൃതമായി രാജ്യത്ത് എവിടെയും ആർക്കും വോട്ട് ചെയ്യാമെന്നും ആറുമാസമായി ഒരിടത്തു സ്ഥിരമായി താമസിക്കുകയാണെങ്കിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ നിയമം അനുവാദം നൽകുന്നുണ്ടെന്നും രമേശ് ചൂണ്ടിക്കാട്ടി. തൃശൂരിൽ തൃശൂർക്കാരുടെ വോട്ടാണ് ചേർത്തത്. കള്ളവോട്ട് ചേർത്തത് സിപിഎമ്മും കോൺഗ്രസുമാണ്. ഏറ്റവും കൂടുതൽ വോട്ട് ചേർത്തവരെയും ഏറ്റവും കൂടുതൽ മൻ കി ബാത് പരിപാടി നടത്തിയവരെയും സംഘടനാതലത്തിൽ പല പരിപാടികളും മികച്ച രീതിയിൽ നടത്തിയവരെയും ബിജെപി ആദരിക്കും. ജനപ്രാതിനിധ്യ നിയമ ഭേദഗതി കൊണ്ടുവന്നത് ബിജെപിയല്ല, യുപിഎ സർക്കാരാണ്. അന്ന് സിപിഎമ്മും അതിനെ പിന്തുണച്ചിരുന്നു- രമേശ് പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്‍റണിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, പ്രഭാരിമാരായ പ്രകാശ് ജാവദേക്കർ, അപരാജിത സാരംഗി, സി. സദാനന്ദൻ എംപി, മുൻ സംസ്ഥാന അധ്യക്ഷൻമാരായ വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, സി.കെ. പദ്മനാഭൻ, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ, മറ്റു നേതാക്കളായ എ.പി. അബ്ദുള്ളക്കുട്ടി, ശോഭ സുരേന്ദ്രൻ, എസ്. സുരേഷ് എന്നിവർ പ്രസംഗിച്ചു.

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ

കോതമം​ഗലത്ത് മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം