ചാലക്കുടി: നാളുകളായി പൊലീസിനെ വട്ടംചുറ്റിച്ചു ലഹരിവിൽപന നടത്തിയിരുന്ന യുവാവിനെ ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമർഥമായി വല വിരിച്ച് പിടികൂടി. പരിയാരം വില്ലേജിൽ മോതിരക്കണ്ണി ആന്ത്രക്കാംപാടം സ്വദേശി പുത്തരിക്കൽ തട്ടാരത്ത് വീട്ടിൽ അലോഷ്യസാ (29)ണ് 5.250 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.
സംസ്ഥാന വ്യാപകമായി ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനായി നടന്നു വരുന്ന ഓപ്പറഷേൻ ഡി-ഹണ്ടിന്‍റെ ഭാഗമായി തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദേശപ്രകാരം പ്രത്യേക പരിശോധന ജില്ലയിൽ നടന്നു വരികയാണ്. ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അലോഷ്യസ് പിടിയിലായത്.
മോതിരക്കണ്ണി സ്വദേശിയാണെങ്കിലും അലോഷി ഏറെ നാളുകളായി പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ചു വരികയാണ്. പകൽ സമയങ്ങളിൽ പെയിന്‍റിങ് തൊഴിലാളിയായി വേഷം ധരിച്ച് ആധുനിക ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച് ഇൻസ്റ്റ ഗ്രാം ഷെയർചാറ്റ് പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴി ഇടപാടുകാരുമായി ആശയവിനിമയം നടത്തിയാണ് ഇയാൾ കഞ്ചാവും മറ്റും വിൽപന നടത്തിയിരുന്നത്. ഇടപാടുകാരേ വീഡിയോ കാൾ ചെയ്ത് സുരക്ഷ ഉറപ്പുവരുത്തിയാണ് ഇയാൾ ഇടപാടു നടത്തിയത്.
ഇയാളുടെ 'ഫോഗ്സ് റോക്സ്' എന്ന സമൂഹമാധ്യമ കൂട്ടായ്മയിൽ നുഴഞ്ഞു കയറിയാണ് പ്രത്യേകാന്വേഷണ സംഘം ഇയാളുടെ നീക്കങ്ങൾ മനസിലാക്കി പിടികൂടിയത്. ലോകത്തിലെ ഏറ്റവും വേഗമേറിയ ആഫ്രിക്കൻ വിഷപ്പാമ്പായ "ബ്ലാക്ക് മാമ്പ" യുടെ പേരാണ് ഇയാൾ പ്രൊഫൈൽ നെയിമായി ഉപയോഗിച്ചിരുന്നത്. അലോഷി സഞ്ചരിച്ച സ്കൂട്ടറിനെ പൊലീസ് പിന്തുടരുന്നത് മനസിലാക്കി ചാലക്കുടി പനമ്പള്ളി കോളെജിന് പിറകിലെ ഇടവഴിയിലേക്ക് ഓടിച്ചു കയറ്റി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം അതിസാഹസീകമായി ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
ചാലക്കുടി ഡി.വൈ.എസ്.പി, കെ. സുമേഷ്, സർക്കിൾ ഇൻസ്പെക്ടർ എം.കെ സജീവ്, എസ്ഐമാരായ എൻ പ്രദീപ്, സിജുമോൻ ഇ. ആർ, പി.വി പാട്രിക്, ജോഫി ജോസ്, ജെയ്സൺ ജോസഫ്, ഡാൻസാഫ്- ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, എം.ജെ ബിനു, ഷിജോ തോമസ്, എഎസ്ഐ ഷിയാസ്, സ്പെഷൽ ബ്രാഞ്ച് എസ്ഐ മുരുകേഷ് കടവത്ത്, ചാലക്കുടി സ്റ്റേഷനിലെ അഡീഷണൽ ഡ്രൈവർ എ.എസ്.ഐ ജിബി പി. ബാലൻ, സിവിൽ പൊലീസ് ഓഫീസർ സജിത് കെ. എന്നിവരടങ്ങിയ സംഘമാണ് അലോഷ്യസിനെ പിന്തുടർന്ന് പിടികൂടിയത്.
കൊടകര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. ദാസ് ദേഹപരിശോധന നടത്തിയാണ് കഞ്ചാവ് കണ്ടെടുത്തത്. അലോഷ്യസ് പൊലീസിന്‍റെ ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ ഇയാളുമായി ഇടപെടുന്നവരേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അലോഷ്യസിനെ കോടതിയിൽ ഹാജരാക്കും.
ലഹരി വില്പനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്‍റെ യോദ്ധാവ് വാട്സ്ആപ്പ് നമ്പർ ആയ 999 59 66666 എന്ന നമ്പറിൽ അറിയിക്കുക..