കൊല്ലത്ത് കായലിൽ കെട്ടിയിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു; 10 മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു
കൊല്ലം: കൊല്ലം കരീപ്പുഴയിൽ 10 ബോട്ടുകൾ കത്തി നശിച്ചു. കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. 6 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
തീ പടർന്നതിന് പിന്നാലെ ബോട്ടുകളിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചുവെന്നാണ് അഗ്നിരക്ഷാസേനാ പ്രവർത്തകർ വിശദമാക്കുന്നത്. പുലർച്ചെ രണ്ടരയോടെയാണ് കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിന് അടുത്ത് വച്ചാണ് സംഭവം. കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. ട്രോളിംഗ് ബോട്ടുകൾ അല്ലാത്ത ഒൻപത് ചെറിയ ബോട്ടുകളും ഒരു ഫൈബർ വള്ളവും കത്തി നശിച്ചു.
നിരവധി ബോട്ടുകളും ഒരു ഫൈബർ വള്ളവും സ്ഥലത്ത് ഉണ്ടായിരുന്നു. 8 ബോട്ടുകൾ സ്ഥലത്തുനിന്ന് മാറ്റി. അല്ലെങ്കിൽ കൂടുതൽ അപകടം ഉണ്ടാകുമായിരുന്നു. കത്തിയ 10 ബോട്ടുകളിൽ ഒരു ബോട്ട് നീണ്ടകര സ്വദേശിയുടേയും 9 ബോട്ടുകൾ തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശിയുടേയുമാണ്. തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ ബോട്ട് തീരത്ത് നിർത്തി തൊഴിലാളികൾ മടങ്ങിയിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് കലക്റ്റർ എൻ. ദേവീദാസ് പറഞ്ഞു.