സഞ്ചാരികളെ ഇതിലേ ഇതിലേ... ഭൂതത്താൻകെട്ടിൽ വീണ്ടും ബോട്ട് യാത്ര ആരംഭിച്ചു
കോതമംഗലം: ഭൂതത്താൻകെട്ടിൽ ടൂറിസത്തിന്‍റെ ഭാഗമായുള്ള ബോട്ട് സവാരി ആരംഭിച്ചു. ഭൂതത്താൻകെട്ട് ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് പ്രകൃതി മനോഹരമായ പെരിയാറിൽ നടത്തുന്ന സവാരിക്കായി ആദ്യ ദിനം തന്നെ നിരവധി പേർ എത്തി.
പെരിയാർവാലി കനാലിൽ ജലസേചനത്തിനു ഭൂതത്താൻകെട്ട് ബരേജിൽ ഷട്ടറുകൾ അടച്ച് പെരിയാറിൽ വെള്ളം സംഭരിക്കുന്നതോടെ ബോട്ട് സവാരിയും എല്ലാ സീസണിലും നടത്തിയിരുന്നു. എന്നാൽ ഇത്തവണ ജനുവരി ആദ്യം വെള്ളം സംഭരിച്ചെങ്കിലും ബോട്ടുകൾ സംഭരണിയിലിറക്കാൻ അനുമതി ലഭിച്ചില്ല. ടൂറിസം സീസണായിട്ടും ബോട്ടുകൾക്ക് അനുമതി നൽകാത്തതു പ്രതിഷേധ ത്തിനിടയാക്കുകയും ബോട്ടുടമകൾ അടക്കം അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
ടൂറിസം കേന്ദ്രത്തിന്‍റെ നടത്തിപ്പു ചുമതല കോഴിക്കോടുള്ള സ്വകാര്യ കമ്പനിക്കു കൈമാറിയതുമായി ബന്ധപ്പെട്ട നടപടികളാണു നേരത്തേ ബോട്ട് സർവീസ് തുടങ്ങാൻ തടസമായത്. മുഖ്യ ആകർഷണമായ ബോട്ട് സവാരി ഇല്ലാത്തതു ഭൂതത്താൻകെട്ടിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും കുറവുവരുത്തി. നിലവിൽ അധികൃതർ ജൂൺ 10 വരെയാണു പെർമിറ്റ് നൽകിയിരിക്കുന്നത്. 10 ബോട്ടുകളുള്ളതിൽ എട്ടെണ്ണത്തിനു പെർമിറ്റ് പുതുക്കി നൽകി. 5 ചെറിയ ബോട്ടുകളും 3 വലിയ ബോട്ടുകളുമാണു സർവീസ് തുടങ്ങുന്നതിന് തയാറായിട്ടുള്ളത്.
ഭൂതത്താൻകെട്ടിൽ നിന്നുള്ള സവാരിക്കിടയിൽ തൊട്ടടുത്തുള്ള തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നുള്ള വിവിധയിനം പക്ഷികളെയും കാണാൻ കഴിയാറുണ്ട്. കുരങ്ങ്, ആന അടക്കമുള്ള വന്യമൃഗങ്ങളും പുഴക്കു സമീപം തമ്പടിച്ചി രിക്കുന്നതും ദൃശ്യമാകും. പുഴയരികിൽ എത്തുന്ന മൃഗങ്ങളെയും പക്ഷികളെയും ബോട്ടിൽ ഇരുന്ന് നേരിട്ടു കാണാൻ സ്വദേശിയരും വിദേശിയരുമായ നിരവധി വിനോദ സഞ്ചാരികൾ എല്ലാ വർഷവും എത്താറുണ്ട്.
ബോട്ട് സർവീസ് ആരംഭിച്ചതോടെ ഭൂതത്താൻകെട്ടിലെ ഹോട്ടലുകളും റിസോർട്ടുകളും അടക്കം സജീവമായി. വേനലിലെ കനത്ത ചൂടിൽ നിന്നും ആശ്വാസം ലഭിക്കാൻ എത്തുന്ന വിനോദ സഞ്ചാ രികളുടെ ഒഴുക്ക് വരും ദിവസങ്ങളിൽ വർദ്ധിക്കും. ആളൊഴിഞ്ഞ ഭൂതത്താൻകെട്ടിൽ ഇനി തിരക്കേറിയ ദിനങ്ങളാണ് ബോട്ട് സർവീസ് ആരംഭിച്ചതോടെ ഉണ്ടാവുക. വിനോദ സഞ്ചാരികളെ ആശ്രയിച്ച് ജീവിക്കുന്ന ബോട്ട് ഉടമകളും തൊഴിലാളികളും സർവീസ് ആരംഭിച്ചതിൻ്റെ സന്തോഷത്തിലാണ്.